തിരുവനന്തപുരം; ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.

സംഭവത്തിൽ കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്നലെ രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. കോളജിലെ അധ്യാപകൻ മകനെ ജാതി പറ‍ഞ്ഞും ‘പുഴുത്ത പട്ടി’ എന്നു വിളിച്ചും അധിക്ഷേപിച്ചതായി പിതാവ് രാജൻ ആരോപിച്ചു. കോളജിലെ 3 അധ്യാപകർക്കെതിരെയാണ് ആരോപണങ്ങൾ. സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അധ്യാപിക ഡോ. കെ.ടി.സംഗീത നമ്പ്യാർ എന്നിവരെ സസ്പെൻഡ് ചെയ്തു.

നിതിൻ രാജിനുനേരെ മറ്റു വിദ്യാർഥികൾക്കു മുന്നിൽവച്ചു പരസ്യമായി ജാതീയ അധിക്ഷേപം നടത്തിയെന്നും നിറത്തിന്റെ പേരിലും പിതാവിന്റെ തൊഴിലിന്റെ പേരിലും സ്ഥിരമായി അധിക്ഷേപിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. പരീക്ഷയ്ക്ക് തോൽപിക്കുമെന്നും പരാതിപ്പെട്ടാൽ നിന്റെ ‘ബോഡി’യാകും ഇവിടെനിന്നു കൊണ്ടുപോകേണ്ടി വരികയെന്നും ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിയിരുന്നതായി നിതിന്റെ സഹോദരീഭർത്താവ് അശോകൻ, അടുത്ത ബന്ധു വിശ്വംഭരൻ എന്നിവർ പറഞ്ഞു. അധ്യാപകരിൽനിന്നു നേരിട്ട ദുരനുഭവം പറഞ്ഞു നിതിന്റേതായി ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *