കോഴിക്കോട്: മുംബൈയില്‍ നിന്നും പിടികൂടിയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോട് എത്തിച്ചു. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ പ്രതിയെ ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ മുംബൈയിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടിയിലാകുന്നത്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 29നാണ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചാടിപ്പോയത്. ശുചിമുറി പൊളിച്ചാണ് ഇയാള്‍ ചാടിപ്പോയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന്റെ മൂന്നുമാസത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

മൂന്ന് മാസമായി മുംബൈയില്‍ പലയിടങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു വിനീഷ്. ഇതിനിടെ നാട്ടിലുള്ള ഒരു ബന്ധുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് പൊലീസിന് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്. പിന്നാലെ പ്രതിയുടെ ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് രണ്ട് മാസമായി മുംബൈയില്‍ തുടര്‍ന്ന് വിനീഷിനെ അന്വേഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം മുംബൈ റെയില്‍വേ പൊലീസ് ആണ് വിനീഷിനെ പിടികൂടി കേരള പൊലീസിന് കൈമാറിയത്.

2021 ജൂണ്‍ 17നാണ് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശി ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ സഹോദരിക്കും വിനീഷിന്റെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *