തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ദേശീയപാത അതോറിറ്റിയുടെ കർശന നിർദ്ദേശമുണ്ടായിട്ടും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം പൂർണ്ണമായി നടപ്പിലായില്ല. ഏപ്രിൽ 10 മുതൽ രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ടോൾ പിരിവ് ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ മാത്രമായിരിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ സമാന രീതിയിൽ പ്രവർത്തിക്കുന്ന പന്നിയങ്കരയിൽ യുപിഐ സംവിധാനം നേരത്തെ നിലവിൽ വന്നിട്ടും പാലിയേക്കരയിൽ ഇപ്പോഴും പഴയ രീതിയിലുള്ള പണമിടപാട് തുടരുകയാണ്.

യാത്രക്കാരിൽ വലിയൊരു വിഭാഗം ഇപ്പോഴും ഓൺലൈൻ പേയ്‌മെന്റ് ഉപയോഗിക്കാത്തവരാണെന്ന ന്യായമാണ് ടോൾ പ്ലാസ അധികൃതർ ഇതിനായി നിരത്തുന്നത്. യുപിഐ ലഭ്യമല്ലാത്ത പക്ഷം ഇ-ചലാൻ വഴി തുക ഈടാക്കണമെന്നാണ് എൻഎച്ച്എഐയുടെ ചട്ടമെങ്കിലും അത് പ്രായോഗികമല്ലെന്ന് അധികൃതർ വാദിക്കുന്നു. പുതിയ പരിഷ്കാരം അനുസരിച്ച് ടോൾ നൽകാൻ ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ മാത്രമേ ഉപയോഗിക്കാവൂ. ഫാസ്ടാഗ് ഇല്ലാത്തവർ യുപിഐ വഴി പണമടയ്ക്കുമ്പോൾ സാധാരണ തുകയുടെ 25 ശതമാനം അധികം നൽകേണ്ടി വരും.

ടോൾ ബൂത്തുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ചില്ലറയെ ചൊല്ലിയുള്ള തർക്കങ്ങൾ ഇല്ലാതാക്കാനുമാണ് ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നത്. കൂടാതെ, ടോൾ ഇളവുകൾ സംബന്ധിച്ചും പുതിയ നിർദ്ദേശങ്ങൾ നിലവിൽ വന്നിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ ഐഡി കാർഡ് കാണിച്ച് സ്വകാര്യ വാഹനങ്ങളിൽ ടോൾ ഇളവ് നേടുന്ന രീതി ഇനി മുതൽ അനുവദിക്കില്ല. പ്രത്യേക ഫാസ്ടാഗ് പതിച്ചിട്ടുള്ള ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രമേ ഇനി ടോൾ ഇളവ് ലഭിക്കുകയുള്ളൂ. ഇത് ഇളവുകളുടെ ദുരുപയോഗം കുറയ്ക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *