തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. കേസിന്റെ ഗൗരവവും ഗൂഢാലോചനയും കണക്കിലെടുത്താണ് കൂടുതല്‍ എസ്.ഐമാരെയും സി.പി.ഒമാരെയും ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്.

ഉന്നത സി പി എം നേതാക്കളെ ചോദ്യം ചെയ്യുന്നതിനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, തിരുവനന്തപുരം ജില്ല സെക്രട്ടറി വി ജോയ്, മുന്‍മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ക്ക് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും ആക്രമണത്തിന് പിന്നില്‍ ആസൂത്രിത ഇടപെടലുകളോ പ്രേരണയോ ഉണ്ടോ എന്നുമാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. സി പി എം നേതാക്കളുടെ ഫോണ്‍ കോളുകളുടെ സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലമായിരിക്കും കേസില്‍ നിര്‍ണായകമാകുക. ആക്രമണം നടന്ന സമയത്തും അതിനു മുന്‍പും നടന്ന ആശയവിനിമയങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *