അന്താരാഷ്ട്ര നയതന്ത്ര ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് തുർക്കിക്ക് നേരെ വിചിത്രമായ ആവശ്യങ്ങളുമായി യുഗാണ്ടൻ സൈനിക മേധാവി ജനറൽ മുഹൂസി കെയ്‌നെരുഗാബ രംഗത്ത്. യുഗാണ്ടയ്ക്ക് ഒരു ബില്യൺ ഡോളർ നൽകണമെന്നും തനിക്ക് വിവാഹം കഴിക്കാൻ തുർക്കിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ വിട്ടുനൽകണമെന്നുമാണ് മുഹൂസിയുടെ ആവശ്യം. യുഗാണ്ടൻ പ്രസിഡന്റ് യൊവേരി മുസെവെനിയുടെ മകൻ കൂടിയായ മുഹൂസി തന്റെ എക്സ് ഹാൻഡിലിലൂടെയാണ് ഈ വിവാദ പരാമർശങ്ങൾ നടത്തിയത്.

സൊമാലിയയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ തുർക്കി സാമ്പത്തിക നേട്ടമുണ്ടാക്കുമ്പോൾ, അവിടെ ഭീകരവാദ വിരുദ്ധ പോരാട്ടത്തിനായി യുഗാണ്ടൻ സൈന്യം വലിയ വില നൽകേണ്ടി വരുന്നു എന്നാണ് മുഹൂസിയുടെ വാദം. സൊമാലിയയിലെ അൽ ഷബാബ് ഭീകരർക്കെതിരെ ആഫ്രിക്കൻ യൂണിയൻ ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യുഗാണ്ടൻ സൈന്യം നടത്തുന്ന സേവനത്തിനുള്ള ‘സുരക്ഷാ ലാഭവിഹിതം’ എന്ന നിലയിലാണ് അദ്ദേഹം ഈ തുക ആവശ്യപ്പെടുന്നത്.

തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒരു മാസത്തിനകം കടുത്ത നയതന്ത്ര നടപടികൾ നേരിടേണ്ടി വരുമെന്നും ജനറൽ ഭീഷണി മുഴക്കിയിട്ടുണ്ട്. കംപാലയിലെ തുർക്കി എംബസി പൂട്ടിക്കുമെന്നും, യുഗാണ്ടൻ വ്യോമപാതയിൽ തുർക്കി വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുഹൂസിയുടെ ഇത്തരം വിചിത്രമായ ഇടപെടലുകൾ ഇതാദ്യമല്ല. മുൻപ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ വിവാഹം കഴിക്കാൻ നൂറ് അങ്കോലെ പശുക്കളെ വാഗ്ദാനം ചെയ്തതും, അത് നിരസിച്ചാൽ റോം പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു. അയൽരാജ്യമായ കെനിയയുടെ തലസ്ഥാനമായ നെയ്‌റോബി രണ്ടാഴ്ചയ്ക്കുള്ളിൽ കീഴടക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെത്തുടർന്ന് യുഗാണ്ടൻ പ്രസിഡന്റിന് പരസ്യമായി ക്ഷമാപണം നടത്തേണ്ടി വരികയും ചെയ്തിരുന്നു. പുതിയ ഭീഷണിയോട് തുർക്കി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *