കായംകുളം: വാഹനാപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ പൊലീസ് നടപടികളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എസ്പി ഡിജിപിക്ക് റിപ്പോർട്ട് നൽകി. പ്രതിയായ സിനിൽ സബാദിനെ കോടതിയിൽ ഹാജരാകാനുള്ള നോട്ടീസ് നൽകി വിട്ടയച്ചതിൽ തെറ്റില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതിയെ വ്യാപാര വ്യവസായ ഏകോപന സമിതി സംഘടനയിൽ നിന്ന് സസ്പെന്റ് ചെയ്തു. പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇതിനാലാണ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി നോട്ടീസ് നൽകി വിട്ടയച്ചത്.
അതേസമയം, അപകടം നടന്ന സമയം സംബന്ധിച്ച് പെൺകുട്ടിയുടെ മൊഴിയിലും ആശുപത്രി രേഖകളിലും വ്യത്യാസമുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. രാത്രി 9.30-ന് അപകടം നടന്നതായാണ് ആശുപത്രി രേഖകൾ, എന്നാൽ 12.45-ന് ആണെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി ആലപ്പുഴ സിജെഎം കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ലൈംഗികാതിക്രമത്തിന് പുറമെ പീഡനശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാണ് യുവതിയുടെ ആവശ്യം. കോടതിയെ സമീപിക്കുമെന്നാണ് യുവതി വ്യക്തമാക്കിയത്.
