ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ യഥാർത്ഥ ലക്ഷ്യം വനിതാ സംവരണമല്ല, മറിച്ച് ഭരണഘടനാ വിരുദ്ധമായ അതിർത്തി നിർണ്ണയമാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ദി ഹിന്ദു ദിനപത്രത്തിലെ തന്റെ ലേഖനത്തിലാണ് സർക്കാരിന്റെ ഈ നീക്കം അത്യന്തം അപകടകരമാണെന്ന് അവർ ആരോപിച്ചത്. 2023-ൽ പാസാക്കിയ വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നത് സെൻസസുമായി ബന്ധിപ്പിച്ചത് പ്രതിപക്ഷമല്ലെന്നും, സർക്കാർ തന്നെ സൃഷ്ടിച്ച ഈ കടമ്പ നീക്കാൻ ഇത്രയും തിടുക്കം കാണിക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണെന്നും അവർ കുറ്റപ്പെടുത്തി.

വനിതാ സംവരണ ബിൽ (നാരി ശക്തി വന്ദൻ അധിനിയം) 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പിലാക്കാനുള്ള സർക്കാരിന്റെ പുതിയ നീക്കങ്ങളെ സോണിയ ഗാന്ധി സംശയത്തോടെയാണ് വീക്ഷിക്കുന്നത്. 2024-ലെ തിരഞ്ഞെടുപ്പിൽ തന്നെ സംവരണം നടപ്പിലാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സർക്കാർ അത് നിരസിക്കുകയായിരുന്നു. പശ്ചിമ ബംഗാൾ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് ഇപ്പോൾ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നതെന്നും അവർ ആരോപിച്ചു.

സെൻസസ് നടപടികൾ വൈകിപ്പിക്കുന്നത് ജാതി സെൻസസ് ഒഴിവാക്കാനും പത്ത് കോടിയോളം വരുന്ന അർഹരായ ആളുകൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കാനുമാണെന്ന് ലേഖനത്തിൽ പറയുന്നു. ഡിജിറ്റൽ സെൻസസ് ആയതിനാൽ 2027-ൽ തന്നെ കണക്കുകൾ ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥർ പറയുമ്പോഴും അതിർത്തി നിർണ്ണയത്തിനായി സർക്കാർ കാണിക്കുന്ന അനാവശ്യ തിടുക്കം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കാനാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

ലോക്‌സഭയുടെ അംഗബലം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള അതിർത്തി നിർണ്ണയം ജനസംഖ്യാ നിയന്ത്രണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന തെക്കൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇത്തരം നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സർവകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിട്ടില്ല. എന്നാൽ, വനിതാ സംവരണം യഥാർത്ഥ ആവേശത്തോടെ നടപ്പിലാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *