കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ശങ്കരദാസിന് സ്വാഭാവിക ജാമ്യം നൽകിയത്. ജനുവരി 14-ന് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത ശങ്കരദാസ്, റിമാൻഡ് കാലാവധിയായ 90 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

എ. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലെ ബോർഡ് അംഗമായിരുന്നു ശങ്കരദാസ്. സ്വർണ്ണക്കൊള്ളക്കേസിൽ 11-ാം പ്രതിയായ ഇദ്ദേഹം, വിവാദമായ കട്ടിളപ്പാളി കേസ്, ദ്വാരപാലക കേസ് എന്നിവയിലും പ്രതിയാണ്. പ്രത്യേക അന്വേഷണസംഘത്തിന് നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്നതാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ ഇടയാക്കിയത്.

ആകെ 13 പ്രതികളുള്ള സ്വർണ്ണക്കൊള്ളക്കേസിൽ 12 പേരെയാണ് എസ്.ഐ.ടി ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതിൽ ഒൻപത് പേർക്ക് സ്വാഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവിലും ജാമ്യം ലഭിച്ചിരുന്നു. ശങ്കരദാസ് കൂടി പുറത്തിറങ്ങുന്നതോടെ കേസിൽ അറസ്റ്റിലായ എല്ലാവർക്കും ജാമ്യം ലഭിച്ചു കഴിഞ്ഞു. സിപിഐ പ്രതിനിധിയായാണ് ശങ്കരദാസ് മുൻപ് ദേവസ്വം ബോർഡിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *