കോതമംഗലം: കോട്ടപ്പടിക്ക് സമീപം പാടശേഖരത്തിൽ പുരുഷന്റെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പടി പഞ്ചായത്തിലെ പുത്തൻകുളം പാടശേഖരത്തിലാണ് ഏകദേശം രണ്ടാഴ്ചയിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. രാവിലെ പാടത്ത് പണിയെടുക്കാൻ എത്തിയവരാണ് ദുർഗന്ധത്തെത്തുടർന്ന് നടത്തിയ തിരച്ചിലിൽ ജഡം കണ്ടെത്തിയത്.
മൃതദേഹം സമീപപ്രദേശമായ വേങ്ങൂരിൽ നിന്ന് രണ്ടാഴ്ച മുൻപ് കാണാതായ തെങ്ങുകയറ്റ തൊഴിലാളിയുടേതാണെന്ന് പ്രാഥമിക നിഗമനമുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് വാക്കത്തിയും കുറച്ച് തേങ്ങകളും കണ്ടെടുത്തിട്ടുണ്ട്. ഇത് കാണാതായ തൊഴിലാളിയാണെന്ന സംശയത്തിന് ബലം നൽകുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. തുടർന്ന് ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി. മൃതദേഹം കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിലും ആളെ തിരിച്ചറിയുന്നതിലും വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
