കൊച്ചി: വാഴക്കാല കേന്ദ്രീകരിച്ച് നടന്ന വൻ രാസലഹരി വേട്ടയിൽ തൊടുപുഴ സ്വദേശി പിടിയിൽ. വാഴക്കാല മൂലേപ്പാടം റോഡിലെ ഡ്രീം ഫ്ലവർ ഫ്ലാറ്റിൽ കൊച്ചി ഡെൻസാഫ് നടത്തിയ മിന്നൽ പരിശോധനയിലാണ് തൊടുപുഴ സ്വദേശി കെവിൻ അറസ്റ്റിലായത്. ഇയാളിൽ നിന്ന് വൻതോതിൽ മയക്കുമരുന്നും പണവും അന്വേഷണസംഘം കണ്ടെടുത്തു.
100 ഗ്രാമിന് മുകളിൽ മെത്തഫിറ്റമിനും എം.ഡി.എം.എയും, 90 എക്സ്റ്റസി ഗുളികകൾ. മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതെന്ന് കരുതുന്ന ഒരു ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. ജില്ലയിലെ വൻകിട ലഹരി പാർട്ടികളിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് കെവിൻ എന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ കടവന്ത്രയിൽ പിടിയിലായ ലഹരി കേസിലെ പ്രതികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയത് ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിനോദസഞ്ചാര കപ്പലുകളിലടക്കം ഇയാൾ ലഹരി എത്തിച്ചിരുന്നതായി പോലീസിന് സംശയമുണ്ട്.
