തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് കെഎസ്ഇബി താത്ക്കാലിക ജീവനക്കാരന്‍ മരിച്ചെന്ന പരാതിയില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതം മൂലമാണ് സന്തോഷ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആശുപത്രിയില്‍ എത്തിച്ചിട്ടും പ്രാഥമിക ചികിത്സ നല്‍കിയില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഓക്‌സിജന്‍ കണക്റ്റ് ചെയ്യാന്‍ ആളില്ലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ആശുപത്രിയില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം നടത്തി വരികയാണ്.

അടുത്തിടെ ഉദ്ഘാടനം ചെയ്ത താലൂക്ക് ആശുപത്രിയില്‍ നിന്ന് വെറും 100 മീറ്റര്‍ അകലെയാണ് 46 വയസുകാരനായ സന്തോഷ് കെഎസ്ഇബി താത്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ജോലിക്കിടെ ഇയാള്‍ കുഴഞ്ഞുവീഴുകയും ഉടന് തന്നെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയുമായിരുന്നു. ഉടനടി ആശുപത്രിയില്‍ എത്തിച്ചിട്ടും ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്സുമാരോ ഇല്ലായിരുന്നു. ഓക്സിജന്‍ നല്‍കാന്‍ പോലും ആളുണ്ടായില്ലെന്നാണ് സന്തോഷിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നത്.

എന്നാല്‍ സന്തോഷിന്റെ സുഹൃത്തുക്കളുടെ ആരോപണം ആശുപത്രി സൂപ്രണ്ട് തള്ളിയിരുന്നു. അവിടെ മതിയായ സ്റ്റാഫ് ഉണ്ടായിരുന്നുവെന്നും ചികിത്സ നല്‍കിയിരുന്നെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. 48 കോടി രൂപയാണ് പാറശാല താലൂക്ക് ആശുപത്രിയെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. കിഫ്ബി ഫണ്ടില്‍ നിന്നാണ് ഈ തുക ചെലവഴിച്ചത്. മതിയായ സേവനങ്ങള്‍ ഉറപ്പുവരുത്താതെ തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് മുമ്പ് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *