കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണുവിന്റെ തിരോധാനത്തിൽ ആശങ്കയൊഴിഞ്ഞു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഷ്ണുവിനെ കണ്ടെത്തി. ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് യുവാവിന്റെ തിരോധാനത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്.

കാണാതായി എട്ടാം നാളാണ് യുവാവിനെ കണ്ടെത്തുന്നത്. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. സഹയാത്രക്കാരന്‍റെ ഫോണിൽ നിന്നും വിഷ്ണു തന്‍റെ സഹോദരൻ അദ്വൈദിനെ വിളിച്ച് സംസാരിക്കുകയായിരുന്നു. താൻ നാട്ടിലേക്കില്ലെന്ന് വിഷ്ണു പറഞ്ഞു. എന്നാൽ അമ്മയും മറ്റ് കുടുംബാംഗങ്ങളും നേരിടുന്ന പ്രതിസന്ധി സഹോദരൻ വിഷ്ണുവിനെ അറിയിച്ചു. തുട‍‍ർന്ന് യുവാവ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു.

യുവാവിനെ ഉടൻ വടകര പൊലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെത്തുട‍ർന്ന് വിഷ്ണു നാട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ ലോൺ ആപ്പ് സംബന്ധിച്ചും ബ്ലേഡ് മാഫിയയുടെ സമ്മ‍ദ്ദം സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കു.

Leave a Reply

Your email address will not be published. Required fields are marked *