കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന പരസ്യ ചർച്ചകളിൽ പ്രതികരിച്ച് മുൻ മന്ത്രി കെ ബാബു. പത്ത് വർഷമായി തെരുവിലിറങ്ങി തല്ലുവാങ്ങുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഈ ചർച്ചകളിൽ താൽപ്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് മെയ് 4-ന് ശേഷം ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

മാറ്റം ആഗ്രഹിച്ചു വോട്ട് ചെയ്ത ജനങ്ങൾക്കും മാധ്യമങ്ങളിലെ ഈ ചർച്ചകളോട് യോജിപ്പില്ല. കേന്ദ്ര നിരീക്ഷകർ എത്തി എംഎൽഎമാരുടെ അഭിപ്രായം ആരാഞ്ഞ ശേഷം ഡൽഹിയിൽ നിന്നുള്ള നേതൃത്വമാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. “ആരാകും മുഖ്യമന്ത്രി എന്നതിനൊപ്പം തന്നെ ആരാകും പ്രതിപക്ഷ നേതാവ് എന്ന ചോദ്യവും പ്രസക്തമല്ലേ” എന്ന് അദ്ദേഹം മറുചോദ്യമുന്നയിച്ചു. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ തന്നെയായിരിക്കുമോ മുഖ്യമന്ത്രി എന്ന ചോദ്യത്തിന്, “കോൺഗ്രസുകാരൻ ആയിരിക്കും മുഖ്യമന്ത്രി” എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അത് എല്ലാവരും അംഗീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. സാധാരണയായി എംഎൽഎമാരിൽ നിന്ന് തന്നെയാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാറുള്ളതെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *