താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾക്കിടെ താഴ്ചയിലേക്ക് മറിഞ്ഞ എസ്കവേറ്റർ ഉയർത്തിയെടുക്കുന്ന പ്രവൃത്തികൾ ഇന്ന് നടക്കുന്നതിനാൽ ചുരത്തിൽ പകൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയുള്ള സമയത്താണ് ഈ നിയന്ത്രണമുണ്ടാകുകയെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച സംരക്ഷണ ഭിത്തിയുടെ നിർമ്മാണത്തിനിടയിലാണ് എസ്കവേറ്റർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചത്. പ്രവൃത്തിയുടെ ഭാഗമായി ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണ്ണ നിരോധനമുണ്ടാകും, എന്നാൽ മറ്റ് വാഹനങ്ങൾ ഭാഗികമായ നിയന്ത്രണങ്ങളോടെ കടത്തിവിടും.
ഇതോടൊപ്പം തന്നെ ഒൻപതാം വളവിൽ പുതിയ കൈവരികൾ സ്ഥാപിക്കുന്ന ജോലികളും ഇന്ന് തുടരും. വ്യൂ പോയിന്റിന് സമീപം പാറയിടിഞ്ഞ ഭാഗത്ത് സുരക്ഷയ്ക്കായി ഗാബിയോൺ നെറ്റ് സ്ഥാപിക്കുന്ന പ്രവൃത്തികളും നടന്നുവരികയാണ്. അതിനാൽ ചുരം വഴി യാത്ര ചെയ്യുന്നവർ പകൽ സമയത്തെ നിയന്ത്രണങ്ങൾ കണക്കിലെടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
