മൂവാറ്റുപുഴ നഗരത്തിൽ വി ഡി സതീശനെ ‘നിയുക്ത മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ച് ഇന്ന് രാവിലെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. വിവാദമായതോടെ ഈ ബോർഡുകൾ ഉടൻ തന്നെ നീക്കം ചെയ്തു. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിലാണ് വി ഡി സതീശന് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ഉയർന്നത്. എന്നാൽ തൊട്ടുതലേദിവസം ആലുവ ഡിസിസി ഓഫീസിന് മുന്നിൽ വി ഡി സതീശനെതിരെയും ബോർഡുകൾ ഉയർന്നിരുന്നു. രമേശ് ചെന്നിത്തലയെ പിന്തള്ളി മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാമെന്ന് സതീശൻ വിചാരിക്കേണ്ട എന്നായിരുന്നു ആ ബോർഡിലെ വാചകം.

മുഖ്യമന്ത്രി ചർച്ചകൾ പരസ്യമായി പാടില്ലെന്ന കെപിസിസി നിർദ്ദേശം നിലനിൽക്കെയാണ് ഈ പോര് തുടരുന്നത്. അതേസമയം, കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ പാലക്കാട് കല്ലേക്കുളങ്ങര ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം നടത്തിയിരിക്കുകയാണ് ഒരു കോൺഗ്രസ് പ്രവർത്തകൻ. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സി.എം. അനിൽകുമാറാണ് വഴിപാട് നടത്തിയത്. ഇത് പരസ്യ പ്രസ്താവനയല്ലെന്നും തന്റെ വ്യക്തിപരമായ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി എന്ന പേരിലാണ് കെ.സിക്കായി കളഭം കൊണ്ട് തുലാഭാരം നേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *