പാലക്കാട്: തൃത്താലയിൽ പരാജയം സമ്മതിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. വോട്ടെണ്ണലിന്റെ ആറാം റൗണ്ട് പിന്നിട്ടപ്പോൾ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാമിന്റെ വിജയം ഉറപ്പായ സാഹചര്യത്തിലാണ് രാജേഷ് തോൽവി അംഗീകരിച്ചത്. വിജയിച്ച വി.ടി. ബൽറാമിന് അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു.

“മന്ത്രിമാർ തോൽക്കുന്നത് ഇതാദ്യമല്ല, ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണ്. തോൽവിയിൽ തളർന്ന് വനവാസത്തിന് പോകില്ല. സമരമുഖങ്ങളിൽ സജീവമായി തന്നെയുണ്ടാകും,” എന്ന് എം.ബി. രാജേഷ് പ്രതികരിച്ചു. കഴിഞ്ഞ തവണ താൻ പിടിച്ചെടുത്ത മണ്ഡലം വി.ടി. ബൽറാം തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് ഇത്തവണ തൃത്താലയിൽ കണ്ടത്.

കേരളത്തിലുടനീളം എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള യുഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നത്. നിലവിലെ സൂചനകൾ പ്രകാരം 96 സീറ്റുകളിൽ യുഡിഎഫും 41 സീറ്റുകളിൽ എൽഡിഎഫും മുന്നിട്ടുനിൽക്കുന്നു. എൻഡിഎ മൂന്ന് സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. തുടക്കത്തിൽ പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ലീഡ് തിരിച്ചുപിടിച്ചെങ്കിലും 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്. കേരള കോൺഗ്രസ് എം മത്സരിച്ച 12 സീറ്റുകളിലും പിന്നിലായത് എൽഡിഎഫിന് വലിയ തിരിച്ചടിയായി. ഉച്ചയോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പൂർണ്ണരൂപം വ്യക്തമാകുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *