തിരുവനന്തപുരം: നേമം വീണ്ടും ബിജെപി പിടിച്ചെടുത്തു. സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ വി. ശിവൻകുട്ടിയെ അട്ടിമറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചരിത്ര വിജയം നേടി. 3,800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാജീവ് ചന്ദ്രശേഖർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയ ബിജെപിക്ക് മുന്നിൽ ഇടത്-വലത് മുന്നണികൾക്ക് അടിയറവ് പറയേണ്ടി വന്നു.

മന്ത്രി വി. ശിവൻകുട്ടിക്ക് 39,147 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന് 23,099 വോട്ടുകളേ നേടാനായുള്ളൂ. പത്തുവർഷത്തെ ഇടത് ഭരണത്തോടുള്ള ജനങ്ങളുടെ മടുപ്പും അഴിമതികൾക്കെതിരായ വിധിയുമാണ് ഇതെന്ന് വിജയത്തിന് പിന്നാലെ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ശബരിമല വിഷയമുൾപ്പെടെയുള്ള ജനവികാരം മണ്ഡലത്തിൽ പ്രതിഫലിച്ചതായും ഇനി താൻ നേമത്തെ ജനങ്ങളുടെ സേവകനായി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

നേമത്തെ ബിജെപി വിജയം രാഷ്ട്രീയ കേരളത്തിന് പുത്തൻ സൂചനകളാണ് നൽകുന്നത്. 2016-ൽ ഒ. രാജഗോപാലിലൂടെ ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലത്തിൽ 2021-ൽ ശിവൻകുട്ടി വിജയിച്ച് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിച്ച ബിജെപിക്ക് നേമം മണ്ഡലത്തിലെ വാർഡുകളിൽ അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഈ അനുകൂല സാഹചര്യം മുതലെടുക്കാൻ സംസ്ഥാന അധ്യക്ഷൻ തന്നെ നേരിട്ട് കളത്തിലിറങ്ങിയത് ബിജെപിക്ക് ഗുണകരമായി. ചാത്തന്നൂരിന് പിന്നാലെ നേമവും തിരിച്ചുപിടിച്ചതോടെ നിയമസഭയിൽ ബിജെപി സാന്നിധ്യം ശക്തമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *