മലപ്പുറം മണ്ഡലത്തിൽ ചരിത്ര ഭൂരിപക്ഷം നേടി വിജയിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മണ്ഡലത്തിൽ തിരിച്ചെത്തിയപ്പോൾ ലഭിച്ച അസാധാരണമായ വരവേൽപ്പ് ജനവികാരം യു.ഡി.എഫിന് അനുകൂലമാണെന്നതിന്റെ തെളിവാണ്. കേരളത്തിൽ ഇത്തവണ ഉണ്ടായത് കേവലം ഒരു തെരഞ്ഞെടുപ്പ് ഫലമല്ല, മറിച്ച് 2001-ലേതിന് സമാനമായ വലിയൊരു രാഷ്ട്രീയ അടിയൊഴുക്കാണെന്നും അദ്ദേഹം നിരീക്ഷിച്ചു. 2008-ലെ മണ്ഡല പുനർനിർണയം എൽ.ഡി.എഫിന് ഗുണകരമായ രീതിയിലായിരുന്നിട്ടും പയ്യന്നൂർ പോലുള്ള ഇടതുപക്ഷ കോട്ടകളിൽ പോലും ഉണ്ടായ വിള്ളലുകൾ ഈ രാഷ്ട്രീയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾക്ക് കേരളത്തിൽ സ്ഥാനമില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളെ ഒരുപോലെ അടക്കിനിർത്താൻ ഈ ജനവിധിക്ക് സാധിച്ചു. വർഗീയതയോട് ഇടതുപക്ഷം സമരസപ്പെട്ടത് അവിശ്വസനീയമാണെന്നും, വർഗീയ വേർതിരിവ് നടത്തി വോട്ട് നേടാനുള്ള ശ്രമങ്ങളെ പൊതുസമൂഹം തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേരാമ്പ്രയിൽ എൽ.ഡി.എഫ് കൺവീനറെ പരാജയപ്പെടുത്തിയ ഫാത്തിമ തഹ്ലിയയുടെ വിജയവും തവനൂരിൽ വി.എസ്. ജോയിയുടെ നേട്ടവും മതേതര നിലപാടുകൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഉചിതമല്ലെന്നും മുസ്ലിം ലീഗിന്റെ ശക്തി എം.എൽ.എമാരുടെ എണ്ണമോ പദവികളോ നോക്കിയല്ല വിലയിരുത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അർഹമായ പലതും ലഭിക്കാത്തപ്പോഴും പരാതിപ്പെടാതെ മുന്നോട്ട് പോയ ചരിത്രമാണ് പാർട്ടിക്കുള്ളത്. ബാബരി മസ്ജിദ് തകർക്കപ്പെട്ട കാലത്തെ പ്രതിസന്ധികളെയും ആക്രമണങ്ങളെയും അതിജീവിച്ച് മതേതരത്വം കാത്തുസൂക്ഷിച്ച രാഷ്ട്രീയ പാരമ്പര്യമാണ് ലീഗിന്റേതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *