കൊച്ചി: പറവൂർ മൂകാംബിക ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിക്ക് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. കാലാവധി പൂർത്തിയാക്കാൻ രണ്ട് മാസം ബാക്കിയുള്ളപ്പോൾ സമിതിയെ പുറത്താക്കിയ ബോർഡിന്റെ ഉത്തരവിൽ തുടർനടപടികൾ സ്വീകരിക്കുന്നത് കോടതി തടഞ്ഞു. ഉപദേശക സമിതി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്.

സീൽ ഇല്ലാത്ത കൂപ്പണുകൾ ഉപയോഗിച്ച് പിരിവ് നടത്തിയെന്ന ആരോപണത്തെത്തുടർന്നായിരുന്നു ദേവസ്വം ബോർഡ് കമ്മീഷണർ സമിതിയെ പിരിച്ചുവിട്ടത്. എന്നാൽ ഈ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതി കോടതിയെ സമീപിച്ചത്. ഹർജിയിൽ വിശദീകരണം നൽകാൻ ദേവസ്വം ബോർഡ് കൂടുതൽ സമയം ആവശ്യപ്പെട്ടു.

കേസ് ഈ മാസം 19-ന് വീണ്ടും പരിഗണിക്കും. അതുവരെ സമിതിയുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങളൊന്നും എടുക്കരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപദേശക സമിതിക്ക് വേണ്ടി അഡ്വ. പി.കെ. സജീവ് കോടതിയിൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *