ധുരന്ധര്‍ സിനിമയെ പ്രശംസിച്ച് എക്സിലിട്ട കുറിപ്പില്‍ വിമര്‍ശനവുമായി എത്തിയ ആളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. മുസ്​ലിങ്ങളെ മോശമായി ചിത്രീകരിക്കുന്ന സിനിമയാണ് ധുരന്ധറെന്ന്  ഷോയബ് അലി മുഹമ്മദ് ചൂണ്ടിക്കാട്ടിയതോടെയാണ് ഷമ വിവാദ പരാമര്‍ശം നടത്തിയത്. ‘ധുരന്ധര്‍ പാര്‍ട്ട് 1  കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തതാണെന്ന് അറിയാം മിനിഞ്ഞാന്നും ഇന്നലെയുമായിട്ടാണ് കണ്ടുതീര്‍ത്തത്. മികച്ച സംവിധാനം, അതിശയിപ്പിക്കുന്ന സ്ക്രിപ്റ്റ്, രണ്‍വീറിന്‍റെ പകരം വയ്ക്കാനില്ലാത്ത അഭിനയം. പഴയ ഹിന്ദി പാട്ടുകള്‍ ചില സീനുകളുമായി ആദിത്യ ബന്ധിപ്പിച്ചത് എനിക്കേറെ ഇഷ്ടമായി’ എന്നായിരുന്നു ഷമയുടെ എക്സ് പോസ്റ്റ്. 

ഇതിന് ചുവടെ സിനിമ മുസ്​ലിംകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന്  ഷോയബ് അലി മുഹമ്മദ് എന്നയാള്‍ കമന്‍റ് ചെയ്തു. ‘നിങ്ങള്‍ക്കെങ്ങനെ ഇത് പോസ്റ്റ് ചെയ്യാന്‍ തോന്നി. ഈ പ്രൊപ്പഗാന്‍ഡ സിനിമ മുസ്‌ലിംകളെ മോശക്കാരാക്കുന്നു. ലജ്ജിക്കുന്നു’ എന്നായിരുന്നു കമന്‍റ്. ഇതോടെ ‘ചിത്രം മുസ്​ലിംകളെയല്ല, പാക്കിസ്ഥാനികളെയാണ് മോശക്കാരാക്കുന്നത്. രണ്ടും കൂട്ടിക്കുഴയ്ക്കാന്‍ നാണമില്ലേ? നിങ്ങളെപ്പോലെയുള്ളവരാണ് ഇന്ത്യയില്‍ മുസ്​ലിംകളുടെ വില കളയുന്നത്. ഇന്ത്യ വിട്ട് പാക്കിസ്ഥാനില്‍ പോയി ജീവിക്ക്’ എന്നുമായിരുന്നു ഷമ കുറിച്ചത്. ‘എന്നോട് പാക്കിസ്ഥാനില്‍ പോകാന്‍ പറയാന്‍ നിങ്ങള്‍ ആരാണ്? എന്‍റെ മുതുമുത്തച്ഛന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ആളാണ്. എന്‍റെ പൂര്‍വികര്‍ ഈ മണ്ണിന്‍റെ മക്കളാണ്. അല്ലാതെ നിങ്ങളെപ്പോലെ ജീനുകളില്‍ മുഗള്‍ പാരമ്പര്യം പേറുന്നവരല്ല’ എന്ന് ഷോയബ് അലി മറുപടിയും നല്‍കി.  ഹിന്ദു തീവ്രവാദികളുടെ സ്വരമാണ് ഷമ മുഹമ്മദിനെന്നും വ്യത്യസ്ത അഭിപ്രായമുയര്‍ത്തിയ മുസ്​ലിം പേരുകാരനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറയുന്നതിന്‍റെ രാഷ്ട്രീയ ബോധ്യം എന്താണെന്നും എക്സില്‍ ആളുകള്‍ ചോദ്യമുയര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *