ഇന്ന് മാതൃദിനം. കരുണയുടെ കടലായ ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും ഈ മാതൃദിനത്തില്‍ നമുക്ക് ആദരവ് അര്‍പ്പിക്കാം.
ഭൂമിയിലെ എല്ലാ സ്നേഹചാലുകളും ചെന്നെത്തുന്നത് അമ്മയെന്ന മഹാസമുദ്രത്തിലേക്കാണ്. പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങളില്‍ ഏറ്റവും മനോഹരമായ സംഗീതവും ‘അമ്മ’ എന്ന രണ്ടക്ഷരങ്ങള്‍ മാത്രം. നിസ്വാര്‍ത്ഥമായ സ്നേഹത്തിന്റെ പൂമഴ പെയ്യുന്ന പുണ്യദിനമാണ് മാതൃദിനം.

1905-ല്‍ അന്തരിച്ച തന്റെ അമ്മയുടെ സ്മരണാര്‍ത്ഥം അമേരിക്കക്കാരിയായ അന്ന ജാര്‍വിസ് ആരംഭിച്ച പ്രചാരണമാണ് മാതൃദിനത്തിന്റെ പിറവിയിലേക്ക് നയിച്ചത്. തുടര്‍ന്ന് 1914-ല്‍ അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച ഔദ്യോഗികമായി മാതൃദിനമായി പ്രഖ്യാപിക്കുകയായിരുന്നു.

സ്നേഹത്തിന്റെ അനന്തസാഗരമാണ് അമ്മ. ദൈവത്തിന് എല്ലായിടത്തും എത്താന്‍ കഴിയാത്തതുകൊണ്ടാണ് ദൈവം അമ്മമാരെ സൃഷ്ടിച്ചതെന്നാണ് പറയാറ്. അമ്മ മനസ്സിന് പകരം വയ്ക്കാനൊന്നുമില്ല. എന്നാല്‍ കുടുംബത്തിന്റെ സന്തോഷത്തിനായി സ്വയം ഹോമിക്കുന്ന അമ്മമാരുടെ വാഴ്ത്തുപാട്ടുകളിലേക്ക് അമ്മമാരെ ചുരുക്കിക്കാണരുത്. സമത്വത്തിന്റെ പുതിയ ലോകത്ത് മാതൃത്വമെന്നത് ത്യാഗത്തിന്റെയോ സഹനത്തിന്റെയോ പ്രതീകമായി മാത്രം കാണേണ്ട ഒന്നല്ല. അടിച്ചമര്‍ത്തലിന് ആക്കം കൂട്ടുന്ന പദാവലികളില്‍ നിന്നും മാതൃത്വം മോചിപ്പിക്കപ്പെട്ടു കഴിഞ്ഞു.

മക്കളുടെ ചേര്‍ത്തുപിടിക്കലുകളും സ്നേഹം നിറഞ്ഞ വാക്കുകളുമാണ് ഏതൊരു അമ്മയും ആഗ്രഹിക്കുക. തിരക്കുപിടിച്ച ലോകത്തിന്റെ വേഗതയില്‍ നാം എപ്പോഴെങ്കിലും ആ കൈകള്‍ പിടിക്കാന്‍ മറന്നുപോയിട്ടുണ്ടെങ്കില്‍, ഈ മാതൃദിനം ഒരു തിരിച്ചറിവാകട്ടെ. വാര്‍ദ്ധക്യത്തിന്റെ തളര്‍ച്ചയില്‍ അമ്മ തനിച്ചാകരുതെന്ന് നമുക്ക് ഉറപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *