ഇസ്താബുളിൽ നിന്നും 278 യാത്രക്കാരുമായി പുറപ്പെട്ട ടർക്കിഷ് എയർലൈൻ വിമാനത്തിൻ്റെ ടയറിന് തീ പിടിച്ചു. വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് തീ പിടിത്തമുണ്ടായത്. വിമാനത്തിൻ്റെ വലതു വശത്തെ ടയറുകൾക്കാണ് തീ പിടിച്ചത്. സംഭവത്തിൽ ആർക്കും പരുക്കുകളില്ല.
278 യാത്രക്കാരും 11 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായത്. റൺവേയിൽ ടയറുകൾ സ്പർശിച്ച ഉടൻ തീ പിടിക്കുയായിരുന്നു. ലാൻഡ് ചെയ്യുന്ന വിമാനത്തിൽ പുകയും തീയും കണ്ടതോടെ വിമാനത്താവളത്തിൽ ഉള്ളവർ പരിഭ്രാന്തരായി. എന്നാൽ പെട്ടെന്നുള്ള പ്രവർത്തനങ്ങളിലൂടെ വലിയ അപകടം ഒഴിവാക്കാൻ സാധിച്ചതായി സുരക്ഷാ ചുമതലയുള്ള എസ്പി രാജ്കുമാർ സിലാവൽ പറഞ്ഞു. അടിയന്ത വാതിലുകൾ വഴിയാണ് യാത്രക്കാരെ പുറത്തിറക്കിയത്. ഐക്യരാഷ്ട്ര സഭയിലെ ഉദ്യോഗസ്ഥരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്നു.
അപകടത്തിൻ്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു. നേരത്തെ 2015-ലും ടർക്കിഷ് എയർലൈൻസിന്റെ വിമാനം ഇതേ വിമാനത്താവളത്തിൽ സമാനമായ അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ അപകടത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ എയർലൈൻസ് ഇതുവരെ തയ്യാറായിട്ടില്ല.
