നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴകേസില്‍ സി കെ ജാനുവിന്റെയും ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിന്റെയും ശബ്ദ സാമ്പിളുകളും ഇന്ന് ശേഖരിക്കും. സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ ഉത്തരവിട്ടത്. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്നാണ് ശബ്ദ സാമ്പിളിന്റെ പരിശോധന നടത്തുക. പ്രസീതയുടെ ശബ്ദ സാമ്പിളുകള്‍ ഇന്ന് വീണ്ടും ശേഖരിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ജെആര്‍പി നേതാവ് സികെ ജാനു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്ന് പത്ത് കോടി ആവശ്യപ്പെട്ടുവെന്ന് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നു.

സികെ ജാനു നേരിട്ടാണ് 10 കോടി കെ സുരേന്ദ്രനോട് ആവശ്യപ്പെട്ടതെന്നും തങ്ങളിതറിഞ്ഞിരുന്നില്ലെന്നും ആ ചര്‍ച്ച പൂര്‍ണമാവാതെ പിരിഞ്ഞതിനെ തുടര്‍ന്ന് പിന്നീട് താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി 10 ലക്ഷവും പാര്‍ട്ടിക്കായി അഞ്ച് നിയമസഭാ സീറ്റും ആവശ്യപ്പെടുകയും ആയിരുന്നെന്നും സികെ ജാനുവിന് നിരവധി സംഘടനകളുമായി കൂട്ടുകച്ചവടമുണ്ട്. അത്തരം ആവശ്യങ്ങള്‍ക്കാണ് പണം ആവശ്യപ്പെട്ടതെന്നാണ് തങ്ങള്‍ക്ക് മനസ്സിലായതെന്നും പ്രസീത പറഞ്ഞിരുന്നു.

സികെ ജാനുവിന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് പത്ത് ലക്ഷം രൂപ ചോദിച്ചത്. സികെ ജാനുവിനെ കൂടി കൂടെ നിര്‍ത്തണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായം പാര്‍ട്ടി പരിഗണിക്കുകയായിരുന്നു. പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തു വന്നതിനു പിന്നാലെയായിരുന്നു പ്രസീതയുടെ വെളിപ്പെടുത്തല്‍. തിരുവനന്തപുരത്ത് സികെ ജാനു താമസിച്ച ഹോട്ടലിലാണ് പണം കൈമാറിയതെന്നും പ്രസീത അഴീക്കോട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *