തിരുവനന്തപുരം: നീണ്ട അനശ്ചിതത്വത്തിനൊടുവിൽ മന്ത്രിമാരുടെ പട്ടിക തയാർ. നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ലോക്ഭവനിലെത്തി പട്ടിക ​ഗവർണർക്ക് കൈമാറി. 20 മന്ത്രിമാരുടെ പട്ടികയാണ് കൈമാറിയത്. മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും.

വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, കെ എ തുളസി, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, മോൻസ് ജോസഫ്, കെ എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എം ലിജു തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വകുപ്പുകളിൽ ധാരണയായെന്നും അത് പിന്നീട് അറിയിക്കുമെന്നും വി ഡി സതീശൻ അറിയിച്ചു. കേരള കോൺഗ്രസിൽ നിന്നുമാണ് ചിഫ് വിപ്പ് ഉള്ളത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും.

കോൺഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ എടുത്തപ്പെട്ട തീരുമാനമാണ് മന്ത്രിപ്പട്ടിക തയാറാക്കിയതെന്നും അർഹതപ്പെട്ട ഒരുപാട് പേരെ ഉൾക്കൊള്ളിക്കാനായില്ലെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രധാന നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പട്ടിക തയാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. വമ്പൻ സർപ്രൈസുകളായാണ് കൽപ്പറ്റ എം എൽഎ ടി സിദ്ദിഖും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷും അങ്കമാലി എംഎൽഎ റോജി എം ജോണും മന്ത്രി പട്ടികയിലേക്കെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *