തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നാല് തവണ എംഎൽഎയായും ഒരു തവണ കൃഷിവകുപ്പ് മന്ത്രിയായും പ്രവർത്തിച്ച കെ പി മോഹനൻ സത്യപ്രതിജ്ഞ ദിനത്തിൽ വീണ്ടും ശ്രദ്ധേയനായി. എന്നാൽ ഇത്തവണ രാഷ്ട്രീയ വേദിയിലല്ല, നിയമസഭയിലെ പ്രസ് ഗാലറിയിലായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം.
2016-ൽ മന്ത്രിസ്ഥാനം വഹിച്ചിരുന്ന അതേ നിയമസഭാ സമുച്ചയത്തിലേക്ക്, വർഷങ്ങൾക്കിപ്പുറം അദ്ദേഹം മാധ്യമപ്രവർത്തകന്റെ തിരിച്ചറിയലോടെയാണ് എത്തിയത്. തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സായാഹ്ന പത്രമായ “പടയണി”യുടെ ചീഫ് എഡിറ്ററെന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം.
രാഷ്ട്രീയ പ്രവർത്തകനെന്നതിലുപരി, പത്രപ്രവർത്തനത്തോടുള്ള ആഴമുള്ള അടുപ്പമാണ് തന്നെ വീണ്ടും മാധ്യമരംഗത്തേക്ക് എത്തിച്ചതെന്ന് കെ.പി മോഹനൻ ജന ശബ്‌ദം ന്യൂസിനോട് പറഞ്ഞു. “പത്രം ഒരു തൊഴിൽമാത്രമല്ല, ജനങ്ങളുടെ മനസ്സറിയാനുള്ള ഒരു വലിയ വാതിലാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
“പടയണി” എന്ന പത്രത്തിന്റെ തുടക്കം അദ്ദേഹത്തിന്റെ കുടുംബ പാരമ്പര്യവുമായി ചേർന്നുനിൽക്കുന്നതാണ്. പിതാവായ പി ആർ കുറുപ്പ് ആരംഭിച്ച ഈ സായാഹ്ന പത്രം ഇന്നും തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നു. പത്രത്തിന്റെ വളർച്ചക്കും നിലനിൽപ്പിനും പിന്നിൽ കുടുംബത്തിന്റെ മാധ്യമസ്നേഹവും സാമൂഹിക പ്രതിബദ്ധതയുമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് നാല് തവണ ജനവിധി നേടിയ കെ.പി മോഹനൻ, ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ നേതാക്കളിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. കൃഷിവകുപ്പ് മന്ത്രിയായിരിക്കെ കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്തതിലൂടെ അദ്ദേഹം ശ്രദ്ധേയനായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിന്റെ തിരക്കിനിടയിലും പ്രസ്സ് ഗാലറിയിൽ ശാന്തമായി കുറിപ്പെഴുതിക്കൊണ്ടിരുന്ന മുൻമന്ത്രിയെ കണ്ടപ്പോൾ, രാഷ്ട്രീയവും മാധ്യമപ്രവർത്തനവും ഒരുമിച്ച് ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരാളുടെ അപൂർവ മുഖമാണ് പലരും കണ്ടത്.
പദവികൾ മാറിയെങ്കിലും, എഴുത്തിനോടും പത്രപ്രവർത്തനത്തോടും ഉള്ള അദ്ദേഹത്തിന്റെ താത്പര്യം ഇന്നും അതേ ആവേശത്തോടെ തുടരുകയാണെന്നത് സത്യപ്രതിജ്ഞ ദിനത്തിലെ ആ സാന്നിധ്യം വീണ്ടും തെളിയിച്ചു.
