തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരായ വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിൽ ഈ നിയമനത്തെക്കുറിച്ച് വിശദീകരിച്ച മുഖ്യമന്ത്രി, ഇതൊരു സ്വാഭാവികമായ ഭരണനടപടി മാത്രമാണെന്ന് വ്യക്തമാക്കി. മുമ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന നളിനി നെറ്റോയെ നിയമിച്ച കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുകയും, മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾ അടിയന്തര സാഹചര്യത്തിൽ എടുത്ത ഭരണപരമായ തീരുമാനങ്ങൾ മാത്രമാണെന്നും, ഇതൊരു പൂർണ്ണമായ നിയമനമല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സി.ഇ.ഒയുടെ ജോലി അവസാനിക്കുന്നുവെന്നും, അതിനുശേഷം അദ്ദേഹം സർവീസിൽ തുടരാൻ പാടില്ലെന്നാണോ വിവാദമുണ്ടാക്കുന്നവർ പറയുന്നതെന്നും സതീശൻ ചോദിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നളിനി നെറ്റോയെ ഇത്തരത്തിൽ നിയമിച്ചിരുന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.
ബംഗാളിലെ സാഹചര്യവുമായി കേരളത്തെ താരതമ്യം ചെയ്യുന്നത് അസംബന്ധമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. യു.ഡി.എഫിന് 102 സീറ്റ് നേടിക്കൊടുത്തത് കേൽക്കറാണെന്ന് പറയുന്നത് തമാശയാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാൾ സി.ഇ.ഒയ്ക്കെതിരെ വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കിയതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നുവെന്നും, എന്നാൽ കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഒരു രാഷ്ട്രീയ പാർട്ടിക്കും പരാതിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും പ്രധാന പദവികൾ വഹിച്ചിട്ടുള്ള മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനാണ് കേൽക്കർ എന്നും സതീശൻ കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ ഇത്തരം കാര്യങ്ങളിൽ ക്രിയാത്മകമായ ചർച്ചകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം മന്ത്രിസഭാ യോഗം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകി. കൂടാതെ, അപു ജോൺ ജോസഫിനെ ചീഫ് വിപ്പായും, കെ.സി. വിൻസെന്റിനെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായും നിയമിക്കാൻ തീരുമാനിച്ചു.
