തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ കേൽക്കറെ നിയമിച്ചത് ദുരൂഹമെന്ന് എ എ റഹീം എംപി ആരോപിച്ചു. ബിജെപിയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ആളാണെന്ന് മുൻപ് കോൺഗ്രസ് തന്നെ ആരോപിച്ച ഉദ്യോഗസ്ഥനെ എന്തിനാണ് വി ഡി സതീശൻ തന്റെ വിശ്വസ്തനായി നിയമിച്ചതെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരിക്കെ കേൽക്കർ നടത്തിയ ഇടപെടലുകൾ ദുരൂഹമായിരുന്നു. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സംബന്ധിച്ച നടപടിക്രമങ്ങൾ അദ്ദേഹം സങ്കീർണ്ണമാക്കിയത് ആർക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
രാഹുൽ ഗാന്ധിയും എഐസിസിയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പോരാടുമ്പോൾ, കമ്മീഷന്റെ ഭാഗമായിരുന്ന കേൽക്കറെ സതീശൻ കൂടെക്കൂട്ടുന്നത് വിരോധാഭാസമാണ്. രാഹുലിന്റെ ശത്രു സതീശന്റെ മിത്രമെന്ന സ്ഥിതിയായി. എഐസിസിയുടെയും കെ.സി. വേണുഗോപാലിന്റെയും നിലപാടിന് വിരുദ്ധമാണിത്. ഞായറാഴ്ച അവധി ദിനമായിരുന്നിട്ടും കേൽക്കർ ധൃതിപിടിച്ച് എന്തിന് ചുമതലയേറ്റു എന്നത് സംശയകരമാണ്. തുറമുഖ വകുപ്പിനോടും അതുമായി ബന്ധപ്പെട്ട കാര്യങ്ങളോടും മുഖ്യമന്ത്രി വി ഡി സതീശന് ഇപ്പോൾ മൊഹബത്താണെന്നും, ഇതിന് പിന്നിലെ താല്പര്യങ്ങൾ എന്താണെന്നും റഹീം പരിഹസിച്ചു. ബംഗാളിലും കേരളത്തിലും നടക്കുന്നത് ഒരേ കാര്യമാണെന്നും സതീശൻ കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടുകളെ മറികടന്നുവെന്നും റഹീം കൂട്ടിച്ചേർത്തു. വിഷയത്തിൽ മുസ്ലീം ലീഗിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
