കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പ്രതികൾക്ക് വീണ്ടും ജാമ്യം. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കിടെ പ്രതികളുടെ ജാമ്യം തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി 3 റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികളും അഭിഭാഷകരും മനപൂര്‍വം കേസിന്റെ വിചാരണ തടസപ്പെടുത്താന്‍ ശ്രമിച്ചതായി കോടതി പറയുന്നു. മതിയായ അവസരം നല്‍കിയിട്ടും അഭിഭാഷകനും പ്രതിയും ബോധപൂര്‍വം സാക്ഷിയെ ക്രോസ് വിസ്താരം ചെയ്തില്ലെന്നാണ് കോടതിയുടെ വിമര്‍ശനം. കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞതായും വിവരമുണ്ട്.

കഴിഞ്ഞയാഴ്ചയാണ് ഷുഹൈബ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കൊലപാതക സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരുന്ന ആക്രമണത്തില്‍ പരിക്കേറ്റ ഇ റിയാസിനെയാണ് കോടതി വിസ്തരിച്ചത്. ആയുധങ്ങളുമായെത്തിയ സംഘം ഷുഹൈബിനെ തുരുതുരാ വെട്ടിവീഴ്ത്തുകയായിരുന്നു എന്നായിരുന്നു റിയാസിന്റെ മൊഴി. ജൂണ്‍ 14 വരെ വിസ്താരം തുടരും.

2018 ഫെബ്രുവരി 18ന് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 11 പേരാണ് കേസിലെ ആദ്യ കുറ്റപത്രത്തിലുണ്ടായിരുന്നത്. പിന്നീട് തുടരന്വേഷണം നടത്തി ആറ് പ്രതികളെ കൂടി ഉള്‍പ്പെടുത്തി അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *