ബെംഗളൂരു: പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും. അടുത്തയാഴ്ച്ച സത്യപ്രതിജ്ഞയുണ്ടായേക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തു എന്നാണ് വിവരം. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കും. രാജ്യസഭാ സീറ്റ് നല്‍കി സിദ്ധരാമയ്യയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം. ജൂണില്‍ രാജ്യസഭാ കാലാവധി അവസാനിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കര്‍ണാടക മുഖ്യമന്ത്രിയായേക്കും എന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പദവി മാറിയില്ലെങ്കില്‍ എല്ലാ പദവികളും ഒഴിവാക്കുന്നത് അടക്കമുളള നടപടികള്‍ ആലോചനയിലുണ്ടെന്ന് ഡി കെ അനുകൂലികള്‍ പ്രതികരിച്ചിരുന്നു.

2023 മെയ് 20-നാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഈ മാസം സര്‍ക്കാര്‍ 3 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. മുന്‍ ധാരണ പ്രകാരം മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൈമാറണം. ഇതുമായി ബന്ധപ്പെട്ട് ഇരുനേതാക്കളെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായാണ് വിവരം. രാജ്യസഭയിലേക്ക് മാറി ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനാണ് സിദ്ധരാമയ്യയോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

Leave a Reply

Your email address will not be published. Required fields are marked *