തിരുവനന്തപുരം: സി.എം.ആര്‍.എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും എംഎല്‍എയും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോടുള്ള വീട്ടിലും ഇഡി റെയ്ഡിന് ശേഷം പ്രതികരിച്ച് പിണറായി വിജയന്‍. റെയ്ഡ് കൊണ്ടൊന്നും തളര്‍ത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് പിണറായി വിജയന്‍. മണിക്കൂറുകള്‍ നീണ്ടു നിന്ന ഇ ഡി റെയ്ഡിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. റെയ്ഡുകൊണ്ട് സന്തോഷിക്കുന്ന ചിലരുണ്ട്. രാഹുല്‍ ഗാന്ധി പലതവണ പറഞ്ഞു ഇ ഡി അന്വേഷണം വേണമെന്ന് ഇപ്പോള്‍ അത് നടന്നു.
ഇ ഡി ഉദ്യോഗസ്ഥര്‍ അവരുടെ ജോലിയാണ് ചെയ്തത്. ഇതുകൊണ്ടൊന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവര്‍ത്തകരുടെ വലിയ പിന്തുണ ഇന്നു കണ്ടുവെന്നും ഇനിയും കൂടുതല്‍ കാര്യങ്ങളുണ്ട്, അതെല്ലാം വഴിയേ പറയാമെന്നും പ്രതിപക്ഷ പാര്‍ട്ടികളോടുള്ള സമീപനം നേരത്തെ കണ്ടതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പരിശോധനയ്ക്ക് ശേഷം വെറും കൈയോടെ മടങ്ങിയ ഇ ഡിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇ ഡി റെയ്ഡിന് ശേഷം വീടിന് പുറത്തിറങ്ങി പ്രവര്‍ത്തകരെ പിണറായി വിജയന്‍ അഭിവാദ്യം ചെയ്തതും ഏറെ ആവേശമുണ്ടാക്കി.
