തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡിനിടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ പോലീസിന് സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയ്ഡ് വിവരം കേന്ദ്ര ഏജൻസികൾ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും വിവരമറിഞ്ഞ ഉടൻ തന്നെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി.

റെയ്ഡ് നടന്ന സ്ഥലങ്ങളിലും പ്രതിഷേധം നിലനിന്ന ഭാഗങ്ങളിലുമായി 300-ലധികം പോലീസുകാരെ വിന്യസിച്ചിരുന്നു. അക്രമം നടന്ന കൃത്യം സ്ഥലത്ത് 50-ഓളം പോലീസുകാർ ഉണ്ടായിരുന്നു. ഇ.ഡി റെയ്ഡ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പോലീസിന് ലഭിച്ചിരുന്നില്ല. റെയ്ഡ് തുടങ്ങിയ ശേഷമാണ് വിവരം അറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പ്രതികളെ ഉടൻ പിടികൂടും. പോലീസുകാരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എട്ട് മണിക്കൂർ നീണ്ട റെയ്ഡിന് ശേഷം ഉദ്യോഗസ്ഥർ പുറത്തിറങ്ങിയപ്പോൾ പോലീസ് ഇരുവശത്തേക്കും മാറിനിന്നുവെന്നും അക്രമികളെ തടയാൻ ശ്രമിച്ചില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇന്നലെ എഡിജിപി സുരക്ഷാ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച സ്ഥാനത്താണ് ഇന്ന് ഡിജിപി സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *