തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കേസിൽ പോലീസിന്റെ നടപടികൾ വേഗത്തിലാകുന്നതിനിടെ, അക്രമം സി.പി.ഐ.എം ആസൂത്രണം ചെയ്ത കലാപശ്രമമാണെന്ന ഗുരുതരമായ റിപ്പോർട്ടും പുറത്തുവന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെ 14 ദിവസത്തേക്കാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കേസിൽ ഇതുവരെ എട്ട് പേർ പിടിയിലായിട്ടുണ്ട്.
ശ്രീജിത്ത്, ഷാഹിൻ, മനോജ്, നിതിൻ രാജ്, ജീവൻ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. കിരൺ, അനിൽ കുമാർ, അമൽ എന്നിവരെ ഉടൻ കോടതിയിൽ ഹാജരാക്കും. ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം സി.പി.ഐ.എം നടത്തിയ കലാപശ്രമമാണെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടുതൽ സംഘർഷം ഒഴിവാക്കാനാണ് പോലീസ് പാർട്ടി ഓഫീസിൽ കയറാതിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ആക്രമണത്തിന് നേതൃത്വം നൽകിയെന്ന് കരുതുന്ന മുൻ കൗൺസിലർമാരായ ഐ.പി. ബിനു, ആറ്റുകാൽ ഉണ്ണി എന്നിവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇ.ഡി വാഹനത്തിന് നേരെ ഐ.പി. ബിനു ചീമുട്ട എറിയുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
