സംസ്ഥാനത്ത് ജൂൺ 2 വരെ ഒറ്റപ്പെട്ട ശ്കതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിലേക്ക് തെക്കുപടിഞ്ഞാറൻ കാലവർഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്.
തെക്ക് – കിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി (cyclonic circulation) നിലനിൽക്കുന്നു. തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തമിഴ്‌നാട് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി ( cyclonic circulation) നിലനിൽക്കുന്നു. മധ്യ-കിഴക്കൻ, തെക്ക് – കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മെയ് 29,31, ജൂൺ 1, 2 തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 29 മുതൽ ജൂൺ 2 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) കൂടിയ വ്യാപകമായ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ അറിയിച്ചിരിക്കുന്നത്.
