തിരുവനന്തപുരം: കളിയും ചിരിയുമായി അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ. തിരുവനന്തപുരം പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വിജ്ഞാന സ്ഫോടനകാലത്ത് പുതിയ അറിവ് നേടാനുള്ള ശ്രമമാകണം പഠനമെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വിദ്യാഭ്യാസത്തിനായി മറ്റ് രാജ്യങ്ങൾ തേടി പോകേണ്ട വരില്ലെന്ന് കുട്ടികൾക്ക് ഉറപ്പാണ്. അധ്യാപകരും മാതാപിതാക്കളും തമ്മിൽ സൗഹൃദമുണ്ടാകണമെന്നും കുട്ടികളുടെ കഴിവുകൾ പരസ്പരം പങ്കുവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ. മുരളീധരൻ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു. അക്കാദമിക് കലണ്ടറും വേദിയിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഈ വർഷം ഒന്നാം ക്ലാസിലേക്ക് എത്തുന്നത് രണ്ട് ലക്ഷത്തിലധികം കുട്ടികളാണ്.
അതേസമയം, പ്രവേശനോത്സവം ഇക്കുറി ഏറ്റവും ഭംഗിയായി നടത്താനുള്ള ഇടപെടലുകളാണ് നടത്തിയതെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് പുതുയുഗ സ്കൂളുകളിലേക്കാണ് കുട്ടികളെ വരവേൽക്കുന്നതെന്ന് പറഞ്ഞ മന്ത്രി തൻ്റെ പ്രവേശനോത്സവ കാലത്തെ ഓർമ്മകളും ന്യൂസ് മലയാളത്തോട് പങ്കുവെച്ചു. ഇനി പുതുയുഗ പാഠശാലകളെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്ക് പാഠപുസ്തകവും യൂണിഫോമും സമയത്ത് എത്തിക്കാനായി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്കൂളുകളുടെ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
