ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സന്ദർശനത്തോടനുബന്ധിച്ച് ആലപ്പുഴ കാർത്തികപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആഷിഖ് ഉൾപ്പെടെയുള്ള പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാർത്തികപ്പള്ളിയിലെ ഒരു സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ പങ്കെടുക്കാനായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എത്തിയത്. പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയതായിരുന്നു എസ്എഫ്ഐ പ്രവർത്തകർ. എന്നാൽ, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രവർത്തകരെ സ്കൂളിലേക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ല.

കൊടികളുമായി സ്കൂളിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്തത് തർക്കത്തിന് വഴിവെച്ചു. തുടർന്ന് പ്രവർത്തകർ പ്രതിഷേധിച്ചതോടെയാണ് ഇവരെ കരുതൽ തടങ്കലിലാക്കാൻ പൊലീസ് തീരുമാനിച്ചത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പ്രവർത്തകരെ തടഞ്ഞതെന്നാണ് പൊലീസിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *