തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയം തള്ളി. കെ എൻ ബാലഗോപാലാണ് പ്രതിപക്ഷത്തിൻ്റെ ആദ്യ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇന്ധനവില ഉയരുമ്പോഴും സെസ് കുറയ്ക്കാത്തത് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. പ്രതിപക്ഷത്ത് ഇരുന്നപ്പോൾ വി ഡി സതീശൻ ആവശ്യപ്പെട്ടത് നടപ്പിലാക്കണമെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.
കഴിഞ്ഞമാസം നാല് തവണയാണ് ഇന്ധന വില വർധിപ്പിച്ചത്. ഇനിയും വിലവർധന ഉണ്ടാകുമെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാൻ ഏതെല്ലാം നടപടികൾ സ്വീകരിക്കണം എന്നത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽഡിഎഫ് സർക്കാർ 2018ലും 2022ലും അധിക വരുമാനം വേണ്ടെന്ന് വെച്ചു. ധനസ്ഥിതി ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ടതിനാൽ പറഞ്ഞ കാര്യം പാലിക്കണമെന്നും പ്രതിപക്ഷം അറിയിച്ചു.
കേന്ദ്രത്തിനെതിരെ ശക്തമായ നിലപാട് പറയേണ്ടതുണ്ട്. ഏത് വിലവർധനയും കേന്ദ്രത്തിന് ഗുണം ഉണ്ടാക്കുന്ന കാര്യമാണ്. ഏറ്റവും കൂടുതൽ കൊള്ളയടിക്കുന്നത് കേന്ദ്രസർക്കാരാണ്. സംസ്ഥാന സർക്കാരും അതിനൊപ്പം നിലപാടെടുക്കുന്നു എന്നും കെ.എൻ. ബാലഗോപാൽ വിമർശിച്ചു. കേന്ദ്രത്തിൽ നിന്ന് എന്തൊക്കെ കിട്ടി, എന്തൊക്കെ കിട്ടുന്നില്ല എന്നൊക്കെ കൃത്യമായി വ്യക്തമാക്കണമെന്നും ബാലഗോപാൽ അറിയിച്ചു.
ഇന്ധന വില വർധനയിലൂടെ കിട്ടുന്ന അധിക വരുമാനം വേണ്ടെന്ന് വെക്കണം എന്ന ആവശ്യം മുഖ്യമന്ത്രി വി ഡി സതീശൻ തള്ളി. മുൻ സർക്കാർ ഉണ്ടാക്കിയ കടം വീട്ടണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു. തോമസ് ഐസക് പറഞ്ഞത്, സംസ്ഥാന നികുതി കുറയ്ക്കുക എന്ന മണ്ടത്തരം ചെയ്യില്ല എന്നാണ്. ആ മണ്ടത്തരം താൻ കാട്ടണോ എന്നും മുഖ്യമന്ത്രി ആരാഞ്ഞു.
