തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലവർദ്ധനവ് അതീവ രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്നത് നിർഭാഗ്യകരമായ നിലപാടാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രശ്നത്തിന്റെ ഗൗരവത്തിലേക്ക് കടക്കാതെ വെറും മുഖവുര പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. എണ്ണ വിലയുടെ നിയന്ത്രണാധികാരം എണ്ണ കമ്പനികൾക്ക് വിട്ടുനൽകിയ പഴയ കോൺഗ്രസ് സർക്കാരിന്റെ നയം ബിജെപി സർക്കാർ അതിശക്തമായി തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാ മേഖലകളിലും അതിരൂക്ഷമായ വിലക്കയറ്റമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും, കേന്ദ്രസർക്കാർ നടപടികളെ വിമർശിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. എൽപിജി വിലവർദ്ധനവിന്റെ 50 ശതമാനവും നികുതിയാണെന്നും, എണ്ണ കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ കേന്ദ്രം ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനം നികുതി കുറച്ചാൽ ജനങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് മുമ്പ് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഇന്നത്തെ മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.

കേന്ദ്രത്തിൽ നിന്ന് എന്തൊക്കെ കിട്ടി എന്തൊക്കെ കിട്ടുന്നില്ല എന്നതൊക്കെ ധവള പത്രത്തിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സഭയിൽ മറുപടി പററഞ്ഞു. സംസ്ഥാനത്തെ വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ട്. എല്ലാത്തിനും ഉള്ള കൃത്യമായ മറുപടി അതിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധവളപത്രം എന്ന ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താൻ വരേണ്ടാ എന്നാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ പ്രതികരണം. കേന്ദ്രം വിലക്കൂട്ടുമ്പോൾ അതിൻ്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് മേൽ കെട്ടി വെക്കാനായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രമിച്ചത് എന്നും പിണറായി വിജയൻ പറഞ്ഞു. ധവളപത്രം വരുമ്പോൾ നമുക്ക് കാണാമെന്നും എല്ലാ ഭാരവും സാധാരണക്കാർക്ക് മേൽ വരുന്നെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *