തൃശ്ശൂർ: ചോറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (40) നെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പോലീസും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ തുഫാൻ’ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് ആയിരുന്നു സംഭവം. കുന്നംകുളം അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻതന്നെ അന്വേഷണസംഘം വീട്ടിലെത്തി വിവിധയിടങ്ങളിൽ പരിശോധന നടത്തി. എന്നാൽ ആദ്യം കഞ്ചാവ് കണ്ടെത്താനായില്ല. പരിശോധന പുരോഗമിക്കുന്നതിനിടയിലാണ് അടുക്കളയിലെ കുക്കർ വിസിലടിച്ചത്. എന്നാൽ വിസിലിനൊപ്പം പുറത്തുവന്നത് ചോറിന്റെ മണമായിരുന്നില്ല, സംശയം തോന്നിയ പോലീസ് അടുക്കളയിലെത്തി കുക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് 400 ഗ്രാം കഞ്ചാവ് പൊതി കണ്ടെത്തിയത്. അറസ്റ്റിലായ ബിനീഷിന് മുൻപും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് കേസുകളിൽ പ്രതിയായ ഇയാൾ മുൻപ് എക്സൈസ് ഇൻസ്പെക്ടർക്കും സംഘത്തിനും നേരെ കത്തിവീശി ആക്രമിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്.
