ന്യൂഡൽഹി: ഈ മാസം 21ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷ എഴുതുന്നതിന് ഇടക്കാല ജാമ്യം തേടി ചോദ്യപ്പേപ്പർ ചോർച്ച കേസിലെ പ്രതി യാഷ് യാദവ്. ഗുരുഗ്രാം സ്വദേശിയായ ഇരുപതുകാരനാണ് ഇടക്കാല ജാമ്യാപേക്ഷയുമായി ഡൽഹി കോടതിയെ സമീപിച്ചത്. പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനും എഴുതുന്നതിനുമായി 15 ദിവസത്തെ ഇടക്കാല ജാമ്യമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യാപേക്ഷ കോടതി മറ്റന്നാൾ പരിഗണിക്കും. ജാമ്യഹർജിയിൽ മറുപടി നൽകാൻ പ്രത്യേക ജഡ്ജി അജയ് ഗുപ്ത സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് (സിബിഐ) ആവശ്യപ്പെട്ടിട്ടുണ്ട്.
പരീക്ഷയ്ക്ക് പഠിക്കുന്നതിന് പുസ്തകങ്ങൾ വേണമെന്ന് യാഷ് നേരത്തെ കോടതിയോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ പുസ്തകങ്ങൾ എത്തിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഉത്തരാഖണ്ഡ് ആയുർവേദ സർവകലാശാലയിലെ വിദ്യാർത്ഥിയാണ് പ്രതി. മേയ് മൂന്നിന് റദ്ദാക്കിയ നീറ്റ് പരീക്ഷയും യാഷ് എഴുതിയിരുന്നു.
നീറ്റ് പുനഃപരീക്ഷയോടൊപ്പം സഹോദരിയുടെ വിവാഹവും ചൂണ്ടിക്കാട്ടിയാണ് പ്രതി കോടതിയെ സമീപിച്ചത്. കേസിൽ പ്രതിയാണെങ്കിലും യാഷിനെ പരീക്ഷ എഴുതാൻ അനുവദിക്കുമോയെന്നും അഡ്മിറ്റ് കാർഡ് നൽകിയിട്ടുണ്ടോയെന്നും കോടതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ)യോട് വ്യക്തത തേടിയിരുന്നു.
ചോദ്യപ്പേപ്പർ ചോർച്ച കേസിൽ സിബിഐയുടെ അന്വേഷണപ്രകാരം ടെലിഗ്രാം വഴി ചോർന്ന ചോദ്യപ്പേപ്പറുകളുടെ പിഡിഎഫ് ഫയലുകൾ യാഷിന് ലഭിച്ചിരുന്നു, ഇത് 10 ലക്ഷം രൂപയ്ക്കാണ് പ്രതി വിറ്റത്. 150 പേജുകളും 410 ചോദ്യങ്ങളും അടങ്ങിയ ‘ഊഹ ചോദ്യപ്പേപ്പർ’ നിരവധി വിദ്യർത്ഥികൾക്ക് പരീക്ഷയ്ക്ക് മുമ്പ് വിതരണം ചെയ്യപ്പെട്ടിരുന്നതായാണ് സിബിഐ കണ്ടെത്തൽ. ഇതിലുള്ള 120-ഓളം ചോദ്യങ്ങൾ നീറ്റ് പരീക്ഷയുടെ രസതന്ത്ര ചോദ്യപ്പേപ്പറിൽ ഉണ്ടായിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് ആഴ്ചകൾക്ക് മുമ്പാണ് ഈ ‘ഊഹ ചോദ്യപ്പേപ്പർ’ പ്രചരിച്ചത്.
