തിരുവനന്തപുരം: അറസ്റ്റിലായ ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ ഒരു കേസ് കൂടിയെടുത്ത് പൊലീസ്. പൊലീസുകാരെ ആക്രമിച്ചതിനാണ് കേസ്. തിരുവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറാണ് സുഗതന്‍. ഇതിനിടെ പൊലീസിനെതിരെ ആരോപണങ്ങളുമായി സുഗതന്റെ ഭാര്യ അശ്വതി രംഗത്തെത്തി. സുഗതനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയപ്പോള്‍ തന്നെ മര്‍ദ്ദിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

സുഗതന്‍ ഒളിവിലായിരുന്നില്ലെന്നും ചിക്കന്‍പോക്‌സ് ചികിത്സയിലായിരുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അശ്വതി പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയാണ് പൊലീസ് വീട്ടിലെത്തിയതെന്നും ഒരു വനിതാ പൊലീസ് പോലും കൂടെ ഉണ്ടായിരുന്നില്ലെന്നും സുഗതന്റെ ഭാര്യ പ്രതികരിച്ചു. ജനപ്രതിനിധി എന്ന ബഹുമാനം കൊടുക്കാതെയാണ് സുഗതനെ പിടിച്ചുകൊണ്ടുപോയതെന്നും അശ്വതി പറഞ്ഞു.

സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. കരുതൽ തടങ്കലിലാക്കാൻ ഉത്തരവ് ഉണ്ടായിരുന്നു. കാപ്പാ കേസ് ആയതിനാലാണ് കോടതിയിൽ ഹാജരാക്കാതെ ജയിലിലേക്ക് മാറ്റിയത്.

ഒളിവിലിരിക്കേയാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് സുഗതനെ പിടികൂടിയത്. ഹൈക്കോടതിയിൽ നേരത്തെ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നു. മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് പൊലീസ് പിടികൂടിയത്. സുഗതനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *