തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വീണ ടി. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് വീണ സാവകാശം തേടിയത്. ബുധനാഴ്ച രാവിലെയായിരുന്നു വീണയുടെ ഇ മെയില്‍ ഇ ഡിക്ക് ലഭിച്ചത്. മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കാമെന്നും വീണ കത്തില്‍ പറഞ്ഞിരുന്നു. ഇ ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും.
അനാരോഗ്യം ചൂണ്ടിക്കാട്ടി അവധി തേടിയാല്‍ മെഡിക്കല്‍ രേഖകള്‍ അടക്കം സമര്‍പ്പിക്കുന്ന പക്ഷം പരിഗണിക്കുന്നതാണ് ഇ ഡിയുടെ രീതി. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വകുപ്പ് അന്‍പത് പ്രകാരം കക്ഷി നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ. ഒരു ദിവസം അവധി നല്‍കിയാലും പിന്നീട് ഹാജരാകേണ്ടി വരും. ഈ വകുപ്പ് പ്രകാരം സമന്‍സ് നല്‍കിയാല്‍ ഇ ഡി ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കേണ്ടി വരും. ഒരു സിവില്‍ കോടതി നല്‍കുന്ന സമന്‍സിന് തുല്യമാണിത്. വെള്ളിയാഴ്ച അവധി നല്‍കിയാലും വീണ മറ്റൊരു ദിവസം ഇ ഡിക്ക് മുന്നില്‍ ഹാജരാകണം. വീണയെ ചോദ്യം ചെയ്യാന്‍ ഇ ഡി വിശദമായ ചോദ്യാവലി തയ്യാറാക്കിയിരുന്നു. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത തേടാനായിരുന്നു ഇ ഡി തീരുമാനം. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചിരുന്നു.
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇതാദ്യമായായിരുന്നു വീണയെ ഇ ഡി ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചത്. നേരത്തേ വീണയുടെ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും അടക്കം വിവിധയിടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകള്‍ ലഭിച്ചുവെന്നും വിശദമായ പരിശോധന നടത്തുകയാണെന്നുമായിരുന്നു ഇ ഡി നേരത്തേ പറഞ്ഞത്.
