കോഴിക്കോട്: ജില്ലയില്‍ മയക്കുമരുന്ന് വേട്ട ശക്തമാക്കി പൊലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷന് തൂഫാന്’ നടപടികളുടെ ഭാഗമായി ഡാന്‍സാഫ് സംഘവും കസബ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 195 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കേസില്‍ കോഴിക്കോട് ഉദയം ഹോമില്‍ താമസിക്കുന്ന മുഹമ്മദ് ജാവേദ് ഖാന് പിടിയിലായി.
കിണാശ്ശേരി കടുപ്പിനിയിലെ സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പുലര്‍ച്ചെയോടെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ ജാവേദ് ഖാന് കാപ്പ നിയമപ്രകാരം ആറുമാസം ജയില്‍വാസം അനുഭവിച്ചതിന് ശേഷം നാല് ദിവസം മുമ്പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഹോമില്‍ വളര്‍ന്ന ജാവേദ് ഖാന് പുറത്തിറങ്ങിയതിന് പിന്നാലെ വിവിധ ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായതായി പൊലീസ് അറിയിച്ചു.
നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ മുറിയെടുത്ത് ആവശ്യക്കാരെ അവിടേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി മെറിന് ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം നഗരത്തില്‍ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരുന്നതിനിടെയാണ് ഡാന്‍സാഫ് സംഘത്തിന് രഹസ്യവിവരം ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും നിരീക്ഷണത്തിലും പ്രതിയെ പിടികൂടുകയും വന്‍തോതിലുള്ള എംഡിഎംഎ പിടിച്ചെടുക്കുകയും ചെയ്തു. വരും ദിവസങ്ങളിലും ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നഗരത്തില്‍ കര്‍ശന പരിശോധനയും മയക്കുമരുന്ന് വിരുദ്ധ നടപടികളും തുടരുമെന്ന് നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുല്‍ കരീം അറിയിച്ചു.
