തിരുവനന്തപുരം: സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. രാഹുൽ ഗാന്ധിക്കെതിരെ സിപിഐഎം നടത്തുന്ന അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്നതിലൂടെ സിപിഐഎം സ്വയം പരിഹാസ്യരാവുകയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്നതുപോലെയാണ് സിപിഐഎമ്മിന്റെ രാഹുൽ വിരുദ്ധ പരാമർശങ്ങൾ. രാഹുൽ ഗാന്ധിയെ വിമർശിക്കാൻ ആ പാർട്ടിക്കു യാതൊരു യോഗ്യതയുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
രാഹുൽ ഗാന്ധിയുടെ ചിത്രം ഉയർത്തിക്കാട്ടി വോട്ടുവാങ്ങി വിജയിച്ചവർ തന്നെയാണ് അദ്ദേഹത്തെ ഇപ്പോൾ ‘ഇ.ഡി ഏജന്റ്’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത്. ഇങ്ങനെയുള്ള പരാമർശങ്ങൾ രാഷ്ട്രീയമായ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂൺ എട്ടിന് ചേർന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാൻ ആവശ്യപ്പെട്ടാൽ താൻ തയ്യാറാവില്ലെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. താനും പിണറായിയും തമ്മിൽ വ്യക്തമായ രാഷ്ട്രീയ പോരാട്ടമാണുള്ളതെന്നും, പ്രാദേശികമായ ഇത്തരം രാഷ്ട്രീയ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടുവേണം ഇന്ത്യാ സഖ്യം മുന്നോട്ടുപോകാനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവിലെ കേന്ദ്ര സർക്കാർ അധികകാലം നിലനിൽക്കില്ലെന്നും അദ്ദേഹം യോഗത്തിൽ പ്രസ്താവിച്ചു.
ഈ പ്രസംഗത്തിന്റെ വിശദാംശങ്ങൾ കോൺഗ്രസ് പുറത്തുവിട്ടതോടെ സിപിഐഎം-കോൺഗ്രസ് ബന്ധത്തിൽ കടുത്ത ഭിന്നതയുണ്ടായി. രാഹുൽ ഗാന്ധിയുടെ പരാമർശത്തെത്തുടർന്ന് സിപിഐഎം നേതാക്കൾ അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയതാണ് കെ.സി. വേണുഗോപാലിനെ പ്രകോപിപ്പിച്ചത്.
