കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശന് അവതരിപ്പിച്ച 2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു.
ഭരണകക്ഷിയുടെ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ നിര്‍മ്മാണം പുനരാരംഭിക്കും എന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. ആകാശപ്പാതയുടെ നിര്‍മ്മാണത്തിനായി പതിനഞ്ചു കോടിരൂപ വകയിരുത്തിയിട്ടുണ്ട്.
കോട്ടയം മുനിസിപ്പല്‍ മേഖലയില്‍ ഐ.ടി. പാര്‍ക്ക് നിര്‍മ്മാണത്തിനുള്ള പദ്ധതി അംഗീകരിക്കുകയും പ്രാരംഭ പ്രവര്‍ത്തനത്തിനുള്ള തുക വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
നിലച്ചു പോയ ചിങ്ങവനം സ്പോര്‍ട്സ് കോംപ്ലക്സിന്റെ നിര്‍മ്മാണവും പുനരാരംഭിക്കുന്നതിനായി അനുമതി ലഭിച്ചിട്ടുണ്ട്.
കഞ്ഞിക്കുഴി ഫ്ലൈഓവര്‍ നിര്‍മ്മാണം ബജറ്റില്‍ അംഗീകരിച്ചിട്ടുണ്ട്.
നെഹ്രു സ്റ്റേഡിയം നവീകരിക്കുന്നതിനുള്ള പദ്ധതി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
വടവാതൂര്‍-കളത്തിപ്പടി-പൊന്‍പള്ളി റോഡിന് ഒരു കോടി രൂപ വകയിരുത്തി.
കോട്ടയം – കച്ചേരിക്കടവ്, ചവിട്ടുവരി-മോസ്കോ ജംഗ്ഷന് റോഡ്, കുമാരനല്ലൂര്‍ വടക്കേനട പാലം, കോട്ടയം ചന്തക്കവല ML റോഡ്, മണിപ്പുഴ കാക്കൂര്‍ ലിങ്ക് റോഡ്, തിരുവാറ്റാ-എസ്.എച്ച് മൗണ്ട്-നാട്ടാശ്ശേരി റോഡ്, പനച്ചിക്കാട്-ഇരവിനല്ലൂര്‍ റോഡ്, മനോരമ ജംഗ്ഷന്-ഈരയില്‍ കടവ്-മണിപ്പുഴ ലിങ്ക് റോഡ്, അറുപുഴ-പാറേച്ചാല്‍ ജട്ടി റോഡ്, കുമാരനല്ലൂര്‍-കുടമാളൂര്‍ റോഡ് എന്നിവയുടെ നിര്‍മ്മാണവും നവീകരണവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോട്ടയം PWD ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനും തിരുനക്കര മിനി സിവില്‍ സ്റ്റേഷന്റെ ബി.സി. ബ്ലോക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനും ബജറ്റില്‍ അനുമതിയുണ്ട്.
നിര്‍മ്മാണം നിലച്ചു പോയിരുന്ന നട്ടാശ്ശേരി-സൂര്യകാലടി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണം പുനരാരംഭിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
