കുന്ദമംഗലം: പകര്‍ച്ചവ്യാധി പ്രതിരോധ പരിപാടിയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ രാത്രികാലങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, തട്ടുകടകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സ്ക്വാഡും ഗ്രാമപഞ്ചായത്തും സംയുക്തമായി ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ള പരിശോധന റിപ്പോര്‍ട്ട് , മാലിന്യ നിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗങ്ങള്‍, ശുചിമുറി, പുകവലി നിരോധിത ബോര്‍ഡുകള്‍ എന്നിവ പരിശോധിച്ചു. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 4 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്കി. കോട്പ നിയമപ്രകാരം 3 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഒരാഴ്ചക്കുള്ളില്‍ ന്യൂനതകള്‍ പരിഹരിച്ചില്ലെങ്കില്‍ 2023 ലെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്ന്
കുന്ദമംഗലം ലോക്കല്‍ പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. വി.അര്‍ച്ചന അറിയിച്ചു.
കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ജി.സജീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ നെല്സന് എന്‍ ,ദീപിക. പി , അക്ഷയ്കുമാര്‍ . സി. പി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍, വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് അറിയിച്ചു.
