പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടുകൾ : മുഖ്യമന്ത്രി
പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി.സി. വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകരാഷ്ട്രങ്ങൾ ചർച്ച ചെയ്യുന്ന അവസരമാണ്. ഇംഗ്ലണ്ടിലെ ഗ്ലാസ്ഗോയിൽ ലോകരാഷ്ട്രങ്ങളുടെ ഉന്നതതല യോഗം നടക്കുകയാണ്. ഇന്റർ ഗവൺമെന്റൽ പാനൽ ഫോർ ക്ലൈമറ്റ് ചേഞ്ച് ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു വിദഗ്ധ സമിതിയാണ്. ആഗോളതാപനില ഉയരുന്നതിനെപ്പറ്റിയും അതിന്റെ പരിണിതഫലങ്ങളെയും പറ്റി വിശദമായി തന്നെ ഗവേഷകർ നടത്തുന്ന കണ്ടെത്തലുകൾ ക്രോഡീകരിച്ചാണ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത്.
ആഗോളതാപനില ഉയരുന്നതിന്റെ തോത് വർദ്ധിക്കുന്നതായി ആഗസ്റ്റ് 9, 2021 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പരാമാർശമുണ്ട്. പ്രസ്തുത റിപ്പോർട്ടിലെ പരാമർശങ്ങൾ അടിസ്ഥാനപ്പെടുത്തി യു.എസ്.എ യിലെ നാസ ചില നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ചില ശാസ്ത്രജ്ഞർ കേരളത്തിലെ തീരദേശ ജില്ലകളുടെ ചില ഭാഗങ്ങൾ 2150 ഓടെ ജലനിരപ്പ് ഉയരുന്നതുവഴി നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് അഭിപ്രായം പറഞ്ഞിട്ടുള്ളത്. ഇതാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
2011 – 2020 കാലഘട്ടത്തിൽ ഇത് 1850 – 1900 കാലഘട്ടത്തേക്കാൾ ശരാശരി 1.09 ഡിഗ്രി കൂടുതലാണ്. കടലിലെ താപനില 0.88 ഡിഗ്രിയും കരയിലെ താപനില 1.95 ഡിഗ്രിയുമാണ് കൂടിയിട്ടുള്ളത്. ഇതിന്റെ ഗൗരവം എല്ലാ സർക്കാരുകളും ഉൾക്കൊള്ളണം. വളരെ ഗൗരവത്തോടെയാണ് ഇതിനെ കേരള സർക്കാർ സമീപിക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും.
കേരളത്തിന്റെ വികസനപരിപ്രേഷ്യം എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാടാണ് ഇവിടെ പ്രധാനം. സാമ്പത്തികവളർച്ചയും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാകുന്ന ഒരു വികസന പരിപ്രേഷ്യമാണ് സർക്കാരിനുള്ളത്. വികസനപ്രവർത്തനങ്ങൾ നടത്തുമ്പോൾ തന്നെ പരിസ്ഥിതി സംരക്ഷണത്തെ പ്രധാനമായി കാണുന്നു എന്നതുകൊണ്ടാണ് കേരളത്തിന്റെ പരിസ്ഥിതിയെ സംബന്ധിച്ചുള്ള ഒരു ധവളപത്രം എൽ ഡി എഫ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. നേരത്തെ തന്നെ പാരിസ്ഥിതിക പ്രശ്നത്തെ ഗൗരവമായി കാണുകയും തുടർന്ന് ഓരോ ഘട്ടത്തിലും ഉയർന്നുവരുന്ന പ്രശ്നത്തെ കണ്ട് പരിഹരിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.
കേരളം സമയബന്ധിതമായി ഗ്രീൻഹൗസ് ഗ്യാസുകളുടെ ബഹിർഗമനം ഗണ്യമായി കുറച്ചുകൊണ്ടുവരാനുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
ഓരോ മേഖലയിലും ഉണ്ടാകുന്ന ഗ്രീൻഹൗസ് വാതകങ്ങളുടെ ബഹിർഗമനത്തിന്റെ കണക്ക് ചർച്ചക്കായുള്ള രേഖയിൽ ഉൾപ്പെടുത്തി ലക്ഷ്യം എങ്ങനെ നിറവേറ്റാമെന്നാണ് സർക്കാർ പരിഗണിക്കുന്നത്. ഇത് നടപ്പിൽ വരുത്താനായി പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയിൽ ഊർജ്ജ – തദ്ദേശസ്വയംഭരണ, വനം – ശാസ്ത്രസാങ്കേതിക വകുപ്പ് എന്നിവയുടെ ചുമതലുള്ള സെക്രട്ടറിമാരും അംഗങ്ങളാണ്. സമയബന്ധിതമായി സംസ്ഥാനത്തെ കാർബൺ ന്യൂട്രൽ ആക്കാനുള്ള കർമ്മപദ്ധതി തയ്യാറാക്കുകയാണ് സമിതിയുടെ ദൗത്യം. ഇതിന്റെ ആദ്യ യോഗം നവംബർ 19 ന് ചേരും.
ഇതിനു പുറമെ ദുരന്താഘാത പ്രതിരോധ ശേഷിയുള്ള കേരള നിർമ്മിതിക്കുള്ള നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം, ജലവിഭവം, തദ്ദേശസ്വയംഭരണം, റവന്യൂ, കൃഷി, ഗതാഗതം, ശാസ്ത്രസാങ്കേതികം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാർ ഉൾപ്പെടുന്ന ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്.
ദുരന്താഘാതം താങ്ങാൻ ശേഷിയുള്ള നവകേരള നിർമ്മിതിയാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി രൂപീകരിക്കപ്പെട്ടതാണ് റിബിൽഡ് കേരള ഇൻഷ്യേറ്റീവ് (ആർ.കെ.ഐ). 12 വകുപ്പുകളിലായി 7791.14 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. ഇവ നിർവ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 5,271.88 കോടി രൂപയുടെ പദ്ധതികൾ ടെണ്ടർ ചെയ്തിട്ടുമുണ്ട്. ആർ.കെ.ഐ പദ്ധതികൾ കേവലം നിർമ്മാണ പദ്ധതികളല്ല. ദുരന്തപ്രതിരോധ ശേഷിയുള്ളവയായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഭവനനിർമ്മാണ പദ്ധതിയായ ലൈഫ് പ്രി ഫാബ് സാങ്കേതികവിദ്യ സ്വീകരിച്ചിട്ടുണ്ട്. പ്രകൃതിവിഭവ ചൂഷണം പരമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സാങ്കേതികവിദ്യ.
നമ്മുടെ നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും പ്രകൃതിദുരന്തങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്താണ് 2006-2011 ലെ സർക്കാർ 2008 ൽ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമനിർമ്മാണം നടത്തിയതും ഇത് കഴിഞ്ഞ സർക്കാരും ഈ സർക്കാരും ഫലപ്രദമായി നടപ്പിലാക്കി വരുന്നതും.
വർഷകാലത്ത് ഒഴുകിയെത്തുന്ന ജലം മണ്ണിലൂർന്ന് ഇറങ്ങാൻ നെൽകൃഷിക്കുള്ള പങ്ക് ചെറുതല്ല. 2016 – 21 കാലഘട്ടത്തിൽ സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃപരമായ പങ്കോടെയാണ് നെൽകൃഷി വ്യാപനം നടന്നുവരുന്നത്.
ഇതിനുപുറമെ നദികളുടെ സ്വാഭാവികമായ ഒഴുക്ക് ഉറപ്പാക്കാൻ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നവകേരളം മിഷന്റെ നേതൃത്വത്തിൽ ഇത്തരം പരിപാടികൾ തുടരും.
നദികളിലും ഡാമിലും അടിഞ്ഞുകൂടിയിട്ടുള്ള എക്കൽ നീക്കം ചെയ്യാനുള്ള പരിപാടിയും സർക്കാർ നടപ്പാക്കിവരുന്നുണ്ട്. ഇവയെല്ലാം തന്നെ പ്രളയാഘാതം കുറയ്ക്കാൻ ഗണ്യമായി സഹായിക്കുന്നതാണ്.
ഗ്രീൻഹൗസ് വാതകങ്ങളുടെ ബഹിർഗമനം ഉണ്ടാകുന്ന ഒരു മേഖല പരമ്പരാഗത ഊർജ്ജ ഉത്പാദനത്തിലൂടെയാണ്. പാരമ്പര്യേതര ഊർജ്ജ ഉത്പാദനത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. സൗരോർജ്ജോത്പാദനത്തിനായി കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികളും വരുത്തിയിട്ടുണ്ട്.
കാർബൺ ന്യൂട്രാലിറ്റിക്കായി ഏറ്റവും ഫലപ്രദമായ നടപടി വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കലാണ്. വനദിനത്തിനു വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനു പുറമെ ഒരു കോടി വൃഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത് തുടരും.വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും കാരണങ്ങൾ പരിശോധിക്കാനും സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻകൈ എടുത്തിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി നടപടി സ്വീകരിച്ചു വരികയാണ്.
റി ബിൽഡ് കേരളയുടെ ഭാഗമായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കുന്നത് കാലാവസ്ഥാ വ്യതിയാനം തടയാനും ദുരന്തപ്രതിരോധ ശേഷിയുള്ള കേരള നിർമ്മിതി ലക്ഷ്യമിട്ടുകൂടിയാണ്.
കാർബൺ ന്യൂട്രാലിറ്റിക്ക് അനിവാര്യമായ മറ്റൊരു പരിഷ്‌ക്കരണം ഗതാഗത മേഖലയിലാണ്. പരമ്പരാഗത ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന ഗ്രീൻഹൗസ് വാതക ബഹിർഗമനവും അന്തരീക്ഷ മലിനീകരണവും തടയാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ഇ-വെഹിക്കിൾ നയം രൂപീകരിക്കുകയും ആവശ്യമായ നടപടികൾ മുന്നോട്ടുനീക്കാനുള്ള പരിശ്രമം നടത്തിവരികയുമാണ്. പലവിധ തടസ്സങ്ങൾ നേരിട്ടെങ്കിലും ഇത് മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം.
ഗ്രീൻഹൗസ് വാതകങ്ങളുടെ ബഹിർഗമനത്തിനുള്ള മറ്റൊരു കാരണം ഖരമാലിന്യങ്ങളും മെഡിക്കൽ വേസ്റ്റും അടിഞ്ഞുകൂടുന്നതാണ്. മാലിന്യസംസ്‌കരണത്തിനും നിർമ്മാർജ്ജനത്തിനും സംസ്ഥാന സർക്കാർ ഫലപ്രദമായ നടപടികളാണ് സ്വീകരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നേതൃത്വം വഹിക്കുന്നത്. ഇതിനായി അന്താരാഷ്ട്ര വിദഗ്ധരുടെ സഹായവും സർക്കാർ ലഭ്യമാക്കുന്നുണ്ട്. വേസ്റ്റ് ടു എനർജി പദ്ധതിയും ഇതിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്.
പരിസ്ഥിതി വകുപ്പ് സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഫോർ ക്ലൈമറ്റ് ചേഞ്ചിന്റെ പരിഷ്‌ക്കരണം നടത്തിവരികയാണ്. പ്രതിസന്ധികളുടെ സാധ്യതകളെല്ലാം പരിഗണിച്ചുകൊണ്ടായിരിക്കും പരിഷ്‌ക്കരിച്ച നയം ആവിഷ്‌ക്കരിക്കുക.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിറ്റ്യൂട്ട് ഐ.പി.സി.സി കണ്ടെത്തലുകൾ കണക്കിലെടുത്തുകൊണ്ട് സംസ്ഥാന സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് ഒരു വിശദമായ പഠനം നടത്തിവരികയാണ്. ഇത് നല്ല പുരോഗതി കൈവരിച്ചിട്ടുണ്ട്. 2021 ഡിസംബറിൽ ഇത് പൂർത്തിയാകുമെന്നാണ് ശാസ്ത്രസാങ്കേതിക വകുപ്പ
ആഗോളതലത്തിൽ ഉണ്ടാകുന്ന പരിസ്ഥിതിവ്യതിയാനവും അതിന്റെ ഭാഗമായുള്ള ഭാരിച്ച മഴയുമെല്ലാം കേരളത്തിന്റെ പരിസ്ഥിതിയെ ഗൗരവമായി ബാധിക്കുന്നതാണ്.
കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രളയവും അതുപോലുള്ള പ്രകൃതിദുരന്തങ്ങളും അടിയന്തരമായി പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ അതാതു ഘട്ടത്തിൽ സംസ്ഥാന സർക്കാർ ചെയ്തിട്ടുണ്ട്. പ്രളയദുരന്തത്തെ പരിഹരിക്കുന്നതിന് നാം നടത്തിയ രക്ഷാപ്രവർത്തനവും ജീവനോപാധികൾ തിരിച്ചുനൽകുന്നതിനുവേണ്ടി നടത്തിയ ഇടപെടലുകൾ വലിയ ലോകശ്രദ്ധ നേടുകയും ചെയ്തു.
പാരിസ്ഥിതിക വ്യതിയാനവും കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതയും കണക്കിലെടുത്ത് ദുരന്തങ്ങളിൽ നിന്ന് മാറിനിൽക്കാൻ പ്രാപ്തമാകുന്ന ദീർഘകാല പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. റി-ബിൽഡ് കേരള ലക്ഷ്യം വെയ്ക്കുന്നത് ഇത്തരത്തിലുള്ള ഇടപെടലാണ്.
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ നമ്മുടെ സംസ്ഥാനത്തെ ജനങ്ങളെ പാരിസ്ഥിതിക സവിശേഷതകളെ മനസ്സിലാക്കി ജീവിതം ക്രമപ്പെടുത്തുന്നതിനുള്ള സമഗ്രമായ നടപടികളാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമം നടപ്പിലാക്കിയത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ധവളപത്രം പുറത്തിറക്കിയും അതിന്റെ കൂടി അടിസ്ഥാനത്തിൽ വികസനകാഴ്ചപ്പാടുകൾ രൂപീകരിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
2035 ഓടെ കാർബൺ ന്യൂട്രൽ കേരളം എന്ന പദ്ധതി നടപ്പിലാക്കുന്നതിന് ഒരു നോഡൽ ഏജൻസിയെ നിയോഗിക്കുന്ന കാര്യം പരിശോധിക്കും. പരിസ്ഥിതി, ഗതാഗതം, തദ്ദേശസ്വയംഭരണം, അനെർട്ട്, കെ.എസ്.ഇ.ബി. തുടങ്ങിയ വകുപ്പുകളുടെ പിന്തുണ നൽകുന്നതിനുള്ള സംവിധാനവും ആലോചിക്കും. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന കോൺക്ലേവ് ഷെഡ്യൂൾ ചെയ്യുന്ന കാര്യവും പരിശോധിക്കും.
യു.കെ യിലെ ഗ്ലാസ്ഗോയിൽ യു എൻ എഫ് സി.സി.സി. യിലേക്കുള്ള 26-ാമത് സെഷനിൽ ഉയർന്നുവന്നിട്ടുള്ള കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരം കാര്യങ്ങളെക്കുറിച്ചു കൂടി 19 ന് ചേരുന്ന വർക്കിംഗ് ഗ്രൂപ്പ് പരിശോധിക്കും.
പാരിസ്ഥിതിക സംരക്ഷണത്തിന് പ്രധാനമാണ് കാർബൺ ന്യൂട്രാലിറ്റിയിലേക്ക് എത്തിക്കുക എന്നത്. ഇതനുസരിച്ചുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിക്കുകയാണ്.
ഇത് പരിശോധിച്ചാൽ ഹരിതഗ്രഹ വാതകങ്ങളുടെ ബഹിർഗമനത്തിന്റെ 91 ശതമാനവും സംഭാവന ചെയ്തത് ഊർജ്ജ മേഖലയാണെന്ന് കാണാം. അതുകൊണ്ട് ആ മേഖലയിൽ ഇടപെടുന്നതിനുള്ള സമീപനം സർക്കാർ സ്വീകരിക്കുന്നുണ്ട്.
സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുകയാണ്.
പരമ്പരാഗതമായ ഊർജ്ജസ്രോതസ്സുകൾ ഉപയോഗിച്ച് ചെറുഗ്രാമങ്ങൾക്കും ഊർജ്ജം പ്രദാനം ചെയ്യുന്ന മൈക്രോ പവർ ഗ്രിഡുകൾ സ്ഥാപിക്കുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്.
വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്നതിനുള്ള ഒരു കാരണം ഊർജ്ജകാര്യക്ഷമമായ ഉപകരണങ്ങളുടെ അഭാവമാണ്. ഇത് കണക്കിലെടുത്ത് ചില നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
നിലനിൽക്കുന്ന കെട്ടിടങ്ങളുടെ ഊർജ്ജഓഡിറ്റിംഗ് നിർബന്ധമാക്കുന്നതിനും ഉപഭോഗം കുറയ്ക്കുന്നതിനുമുള്ള നടപടികൾ ഇതിൽ പ്രധാനമാണ്.പുതിയ നിർമ്മാണപ്രവർത്തനങ്ങൾ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്നതിന് നടപടി സ്വീകരിക്കും.
തെരുവുവിളക്കുകൾ എൽ ഇ ഡി യിലാക്കി മാറ്റുന്നതിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തും.
ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും. ഇതിന്റെ ഭാഗമായി ഇ-മൊബിലിറ്റി നയം കൊണ്ടുവരുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും.
സി എൻ ജി / ഹൈഡ്രജൻ പവർ / ബയോ ഫ്യൂവൽ എന്നിവയുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
സൈക്കിളുകളുടെ രൂപത്തിലുള്ള മോട്ടൊറൈസ്ഡ് അല്ലാത്ത ഗതാഗത സംവിധാനങ്ങൾ പ്രാത്സാഹിപ്പിക്കും.
മണ്ണിനും നിലവിലുള്ള പരിസ്ഥിതിക്കും ദോഷംവരുത്താത്ത കൃഷിരീതികൾ കൊണ്ടുവരും.
പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ജൈവമാലിന്യത്തിന്റെ സംസ്‌കരണത്തിലൂടെ ഹരിതഗ്രഹ വാതകങ്ങളുടെ വർദ്ധനവ് തടയുന്നതിനുള്ള നടപടി സ്വീകരിക്കും.
കാർബൺ ന്യൂട്രൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.പാരിസ്ഥിതിക സംരക്ഷണ പ്രവർത്തനം കാര്യക്ഷമമാക്കും. നിലനിൽക്കുന്ന പാരിസ്ഥിതിക സംരക്ഷണ പ്രവർത്തനത്തിലെ ദൗർബല്യങ്ങൾ പരിഹരിക്കാനും സർക്കാർ ലക്ഷ്യം വെയ്ക്കുന്നു. ഇതിന്റെ ഭാഗമായി സാമൂഹ്യ വനവത്ക്കരണ പദ്ധതിയുടെ ഭാഗമായി നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത നിരവധി മരങ്ങൾ പിഴുതുമാറ്റുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.
യൂക്കാലിപ്റ്റസ്, അക്വേഷ്യ, വാറ്റൽ, തുടങ്ങിയ മരങ്ങൾ ഇതിന്റെ ഭാഗമായി കടന്നുവന്നവയാണ്. ഇവയെ പിഴുത്മാറ്റി ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കി മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. വനവത്ക്കരണ നടപടികൾ സ്വീകരിക്കും. റോഡിനു ഇരുവശവും മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്.
ഇത് സംബന്ധിച്ച ഒരു നയം സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച നയം രൂപീകരിക്കുന്നതിന് ഒരു കാബിനറ്റ് സബ് കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്.

തൊഴിൽ അധിഷ്ഠിത മീഡിയ കോഴ്‌സുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കെൽട്രോൺ അഡ്വാൻസ്ഡ് ട്രെയിനിങ് സെന്ററിൽ മീഡിയ ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. വീഡിയോ എഡിറ്റിങ്, വിഷ്വൽ എഫക്ട്‌സ്, ഫോട്ടോഗ്രഫി, സൗണ്ട് എൻജിനിയറിങ്, ഓഡിയോ വിഷ്വൽ എൻജിനിയറിങ്, മീഡിയ എൻജിനിയറിങ് എന്നീ കോഴ്‌സുകൾക്ക് 25ന് മുമ്പ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: റ്റി.സി 9/1193-5, ശ്രീപൂയം, മംഗലം ലെയിൻ, ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471-4011477, 8078939333, 9496939333.

പ്ലേസ്‌മെന്റ് ഡ്രൈവ്
കേരള യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. തിരുവനന്തപുരം പി.എം.ജിയിലുള്ള സ്റ്റുഡന്റ്‌സ് സെന്ററിലെ യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ 19ന് രാവിലെ 10.30ന് നടക്കുന്ന പ്ലേസ്‌മെന്റ് ഡ്രൈവിൽ Craysol Technologies, Liscom Solutions, Haydan Trading Est. എന്നീ കമ്പനികൾ പങ്കെടുക്കും. ബി.സി.എ/ബി.ടെക്/ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ഡിപ്ലോമ/ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വിവിധ തസ്തികകളിലെ 111 ഓളം ഒഴിവുകളിലാണ്് പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തുന്നത്. ഉദ്യോഗാർത്ഥികൾ 15ന് രാത്രി 12 മണിക്ക് മുൻപ് http://bit.ly/3wiGpQh എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM , ഫോൺ: 0471-2304577.

വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള ഒരു എൽ.ഡി.ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ നവംബർ 24 നകം ലഭിക്കണം.

തൊഴിലുറപ്പു പദ്ധതി: പരാതി പരിഹാരത്തിനു ജില്ലകളിൽ ഓംബുഡ്‌സ്മാൻ
തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനും പരിഹാരം നിർദേശിക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓംബുസ്ഡ്മാൻമാരെ നിയമിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഓംബുഡ്‌സ്മാൻമാർക്കു നേരിട്ടു നൽകാം.
ഓരോ ജില്ലകളിലും നിയമിച്ച ഓംബുഡ്‌സ്മാൻമാർ: സാം ഫ്രാങ്ക്‌ളിൻ എൽ.(തിരുവനന്തപുരം), സയീദ് എ.(കൊല്ലം), സി. രാധാകൃഷ്ണക്കുറുപ്പ് (പത്തനംതിട്ട), സജി മാത്യു(ആലപ്പുഴ), ബഷീർ കെ.(കോട്ടയം), പി.ജി. രാജൻ ബാബു(ഇടുക്കി), എം.ഡി. വർഗീസ്(എറണാകുളം, കാസർകോഡ് ജില്ലയുടെ പൂർണ അധിക ചുമതല), അബ്ദുൾ അസീസ് കെ.വി.(തൃശൂർ, പാലക്കാട് ജില്ലയുടെ പൂർണ അധിക ചുമതല), അബ്ദുൾ റഷീദ് സി.(മലപ്പുറം, വയനാട് ജില്ലയുടെ പൂർണ അധിക ചുമതല), വി.പി. സുകുമാരൻ(കോഴിക്കോട്, കണ്ണൂർ ജില്ലയുടെ പൂർണ അധിക ചുമതല).

‘കേരള സമ്പദ്വ്യവസ്ഥയും സഹകരണ മേഖലയും’ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു
കഴിഞ്ഞ സംസ്ഥാന മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. എഴുതിയ ‘കേരള സമ്പദ്വ്യവസ്ഥയും സഹകരണ മേഖലയും- സാർഥകമായ അഞ്ചു സഹകരണ വർഷങ്ങൾ 2016-2021’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നിയമസഭാ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ മുഖ്യമന്ത്രിയിൽനിന്നു പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
രാജ്യത്തു വളർന്നുവരുന്ന സാമ്പത്തിക അസമത്വങ്ങളുടേയും ചൂഷണാധിഷ്ഠിത സാമ്പത്തിക സാമൂഹിക നിയമങ്ങളുടേയും നടുവിൽ കേരളത്തിലെ സഹകരണ മേഖല നടത്തുന്ന വിജയകരമായ ജൈത്രയാത്ര പുസ്‌കകം വ്യക്തമായി വിശദീകരിക്കുന്നുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള സമൂഹത്തിന്റെ വളർച്ചയിൽ സഹകരണ മേഖലയുടെ പ്രാധാന്യം എന്താണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. സംസ്ഥാനം ഇന്ന് ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്ന പല രംഗങ്ങളിലും സഹകരണ പ്രസ്ഥാനങ്ങൾ വലിയ പിന്തുണയാണു നൽകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വി. ജോയ് എം.എൽ.എ, ആനത്തലവട്ടം ആനന്ദൻ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാർ പി.ബി. നൂഹ്, സാഹിത്യ പ്രവർത്തക സഹകരണ സംഘം സെക്രട്ടറി അജിത് കെ. ശ്രീധർ തുടങ്ങിയവർ പ്രസംഗിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. കൃതജ്ഞതയർപ്പിച്ചു. സഹകരണ മന്ത്രിയെന്ന നിലയിൽ അദ്ദേഹം ആർജിച്ച അനുഭവങ്ങളുടേയും വിലയിരുത്തലുകളുടേയും അടിസ്ഥാനത്തിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണു പുസ്തകം. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജി എസ് ടി, ഇന്ത്യൻ അനുഭവ പാഠങ്ങൾ: അന്താരാഷ്ട്ര സെമിനാർ നവംബർ 12, 13 തീയതികളിൽ
‘ഒരു രാജ്യം, ഒറ്റ നികുതി’ എന്ന ലക്ഷ്യത്തിലൂന്നി ചരക്ക് സേവന നികുതി നടപ്പാക്കി നാലു വർഷം പിന്നിട്ട അവസരത്തിൽ ഇന്ത്യയിൽ ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള അനുഭവങ്ങളെ കുറിച്ച് ദ്വിദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 12, 13 തീയതികളിൽ നികുതി, പൊതുധനകാര്യ മേഖലയിലെ പഠനങ്ങൾക്കായുള്ള ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (ഗിഫ്റ്റ്) ആണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ, ജി.എസ്.ടി നടപ്പാക്കിയിട്ടുള്ള വിവിധ വിദേശ രാജ്യങ്ങളിലെ വിദഗ്ധരും സെമിനാറിൽ പങ്കെടുക്കുമെന്ന് ഗിഫ്റ്റ് ഡയറക്ടർ പ്രൊഫസർ ഡോ.കെ.ജെ. ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തിക, നികുതി വിദഗ്ദ്ധർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ് രംഗത്തെ പ്രമുഖർ തുടങ്ങി ജി.എസ്.ടിയുമായി വിവിധ തലങ്ങളിൽ ബന്ധപ്പെട്ടിരിക്കുന്നവരുടെ വിദഗ്ധാഭിപ്രായങ്ങളും ആശയങ്ങളും പങ്ക് വയ്ക്കുകയാണ് രാജ്യാന്തര സെമിനാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
നവംബർ 12ന് രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന സെഷനിൽ മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്ക് അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയുടെ മുൻ ഡയറക്ടറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫസർ എം.ഗോവിന്ദറാവു മുഖ്യപ്രഭാഷണം നടത്തും. ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ.ജെ. ജോസഫ് സ്വാഗതവും അസോസിയേറ്റ് പ്രൊഫസർ എൽ. അനിതകുമാരി നന്ദിയും പറയും. പതിനൊന്ന് സെഷനുകളിലായി ജി.എസ്.ടി നടപ്പാക്കിയതിന്റെ വിവിധ വശങ്ങൾ സെമിനാർ ചർച്ച ചെയ്യും.
ഇന്ത്യയിൽ ജി.എസ്.ടി നടപ്പാക്കിയതിന്റെ അനുഭവങ്ങൾ പങ്ക് വയ്ക്കുന്ന ആദ്യ സെഷനിൽ സംസ്ഥാന അഡിഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ് അധ്യക്ഷത വഹിക്കും. തമിഴ്‌നാട് അഡിഷണൽ ചീഫ് സെക്രട്ടറി എസ്. കൃഷ്ണൻ, മുൻ ഫിനാൻസ് സെക്രട്ടറിയും ഇപ്പോൾ ഒഡിഷ സർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറിയുമായ അശോക് കുമാർ മീണ, തമിഴ്‌നാട് പ്രിൻസിപ്പൽ സെക്രട്ടറി എം.എ. സിദ്ദിഖ്, പുതുച്ചേരി ഭവന നിർമ്മാണ, നഗരാസൂത്രണ വകുപ്പ് സെക്രട്ടറി കെ. മഹേഷ്, സി.ജി.എസ്.ടി കമ്മീഷണർ ഗിരിധർ ജി. പൈ, സംസ്ഥാന എസ്.ജി.എസ്.ടി കമ്മീഷണർ ഡോ. രത്തൻ യു. വേൽക്കർ എന്നിവർ സംസാരിക്കും. ‘ജി.എസ്.ടി ഇനിയങ്ങോട്ട്’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ മദ്രാസ് സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് ഓണററി പ്രൊഫസർ ഡി.കെ. ശ്രീവാസ്തവ അധ്യക്ഷനാകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ഡയറക്ടർ (എൻ.ഐ.പി.എഫ്.പി) പ്രൊഫസർ പിനാക്കി ചക്രവർത്തി, എൻ.ഐ.പി.എഫ്.പി പ്രൊഫസർ ആർ. കവിത റാവൂ, ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സീനിയർ പ്രൊഫസർ സെബാസ്റ്റ്യൻ മോറിസ്, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ വി.എസ്. ദത്തി, എം. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിക്കും.
‘ജി.എസ്.ടിയും സംസ്ഥാനങ്ങളുടെ ധനകാര്യവും’ എന്ന വിഷയത്തിലെ ചർച്ചയിൽ എൻ.ഐ.പി.എഫ്.പി. പ്രൊഫസർ ആർ. കവിത റാവു അധ്യക്ഷത വഹിക്കും. പ്രൊഫസർ അചിൻ ചക്രവർത്തി, ഡോ. ഹരികൃഷ്ണ ദ്വിവേദി, ഡോ. സുദീപ് കുമാർ സിൻഹ, പ്രൊഫസർ കെ.ജെ. ജോസഫ്, എൽ. അനിതകുമാരി, ഡോ. എസ്. കെ ഡാഷ്, ഡോ. കിരൺകുമാർ കക്കർലപുടി, ഡോ. എൻ. രാമലിംഗം എന്നിവർ സംസാരിക്കും.
രാജ്യാന്തര അനുഭവങ്ങൾ പങ്ക് വയ്ക്കുന്ന അഞ്ചാം സെഷനിൽ ഡോ. തോമസ് ഐസക് അധ്യക്ഷത വഹിക്കും. പ്രൊഫസർ അനീസ ബെയ്ഗ്, പ്രൊഫസർ എംഫോ ലെഗോട്ട് (സൗത്ത് ആഫ്രിക്ക), പ്രോഫസർ സോഫിയ മേയർ (യൂറോപ്യൻ കമ്മീഷൻ), പ്രൊഫസർ ജുവാൻ കാർലോസ് മൊറിനോ ബ്രിഡ് (മെക്‌സിക്കോ), പ്രൊഫസർ ഡിബോറ ഫ്രയർ (ബ്രസീൽ) എന്നിവർക്ക് പുറമെ കാനഡയിൽ നിന്നുള്ള പ്രൊഫസർ പിയറി പാസ്‌കൽ ജെൻഡ്രോൺ പ്രത്യേക പ്രഭാഷണവും നിർവഹിക്കും.
ജി.എസ്.ടിയും സാമ്പത്തിക രംഗവും എന്ന വിഷയത്തിലുള്ള സെഷനിൽ കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫസർ അചിൻ ചക്രവർത്തി അധ്യക്ഷത വഹിക്കും. ഡോ. സെബാസ്റ്റ്യൻ മോറിസ്, ഡോ. അജയ് പാണ്‌ഡെ, ഡോ. ശോഭേഷ് അഗർവാല, ഡോ. ആസ്ത അഗർവാല, ഡോ. പാർമ ചക്രവർത്തി, ഡോ. സക്കറിയ സിദിഖി, ഡോ. അനുപ് എസ്. കുമാർ, ഡോ. എസ്. കെ ഡാഷ്, ഡോ. ഷൈജൻ ഡേവിസ് എന്നിവർ സംസാരിക്കും. എട്ടാം സെഷനിൽ ഗിഫ്റ്റ് ഓസ്‌ട്രേലിയ ഫെലോ പ്രൊഫസർ നാനാക്ക് കക്കവാനി അധ്യക്ഷനാകും. ദവെ ആനന്ദ്, പാട്രിക് വിൽസൺ (ന്യൂസിലാൻഡ്), പ്രൊഫസർ മതിയാസ് സിന്നിങ് (ആസ്‌ട്രേലിയ), പ്രൊഫസർ ബിൻ ട്രാൻ നാം, പ്രൊഫസർ യാൻ ഷു (ആസ്‌ട്രേലിയ), ഡോ. ജൽവീർസിംഗ് റിയർ (മലേഷ്യ) എന്നിവർ പങ്കെടുക്കും. സംസ്ഥാനതല അനുഭവങ്ങളെകുറിച്ചുള്ള ചർച്ചയിൽ ഗിഫ്റ്റ് ഓണററി ഫെലോ ആർ. മോഹൻ അധ്യക്ഷത വഹിക്കും. ഡോ. അമരേന്ദ്ര ദാസ്, ഡോ. സുഖ്‌വിന്ദർ സിംഗ്, ജതിന്ദർ സിംഗ്, ഡോ. യാദവേന്ദ്രസിംഗ്, ഡോ. സഖറിയ സിദ്ദിഖി എന്നിവർ സംസാരിക്കും.
‘ജി.എസ്.ടിയും നഷ്ടപരിഹാരവും’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ പ്രൊഫസർ പിനാക്കി ഭട്ടാചാര്യ അധ്യക്ഷത വഹിക്കും. ഡോ. സച്ചിദാനന്ദ മുഖർജി, പ്രൊഫസർ അസിത് ആർ. മൊഹന്തി, ഡോ. എൻ. രാമലിംഗം, ഡോ. പാർമ ചക്രവർത്തി എന്നിവർ സംസാരിക്കും. തുടർന്നുള്ള സെഷനിൽ എൻ.ഐ.പി.എഫ്.പി പ്രൊഫസർ ലേഖ ചക്രവർത്തി അധ്യക്ഷത വഹിക്കും. ഡോ. ദിലീപ്കുമാർ ചാറ്റർജി, ഡോ. രോഹിത് ഖണ്ഡ, ഡോ. ഹരീഷ് ഹാൻഡ, ഡോ. ജി.എസ്. ഭല്ല, ഡോ. പി.എസ്. രഞ്ജിത്ത്, ഡോ. സഖറിയ സിദ്ദിഖി, ഡോ. സന്തോഷ്‌കുമാർ ഡാഷ് എന്നിവർ പങ്കെടുക്കും.
സമാപന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഡോ. വി.പി. ജോയ് അധ്യക്ഷത വഹിക്കും. ഗിഫ്റ്റ് വിശിഷ്ട ഫെലോ, പ്രൊഫസർ എം.എ. ഉമ്മൻ, നികുതി വകുപ്പ് സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് പ്രൊഫസർ കെ.എൻ. ഹരിലാൽ, ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ, ഗിഫ്റ്റ് മുൻ ഡയറക്ടർമാരായ ഡോ. എ.വി. ജോസ്, ഡോ. ഡി. നാരായണ, ഡയറക്ടർ പ്രൊഫസർ കെ.ജെ. ജോസഫ് എന്നിവർ സംസാരിക്കും.

പട്ടികജാതിക്കാരെ വീട് വെയ്ക്കാൻ അനുവദിക്കാത്ത സംഭവം: കമ്മീഷൻ സ്വമേധയാ കേസെടുത്തു
ആലപ്പുഴ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ പട്ടികജാതിയിൽപ്പെട്ട ചിത്രയെയും കുടുംബത്തെയും സമീപവാസികളായ ചിലർ വീട് വെയ്ക്കാൻ അനുവദിക്കുന്നില്ലെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ ആലപ്പുഴ ജില്ലാ കളക്ടർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ, തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും, പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നടപടികൾ സ്വീകരിച്ച് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി.

മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾക്ക് പുരസ്‌ക്കാരം
തിരുവനന്തപുരം ജില്ലയിൽ ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി / സംഘടനയ്ക്ക് മൃഗസംരക്ഷണ മൃഗസംരക്ഷണ വകുപ്പ് ജില്ലാ തലത്തിൽ പുരസ്‌ക്കാരം നൽകുന്നു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾ, രജിസ്റ്റേർഡ് സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവർത്തനങ്ങളുടെ വിവരം സഹിതം ഡിസംബർ 10 നകം തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമർപ്പിക്കണം. കഴിഞ്ഞ മൂന്ന് വർഷത്തിൽ അവാർഡ് ലഭിച്ചവരെ ഈ വർഷം പരിഗണിക്കില്ല. തെരഞ്ഞെടുക്കുന്നവർക്ക് 10,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. അപേക്ഷ ബന്ധപ്പെട്ട വെറ്റിനറി ഡോക്ടറുടെ ശിപാർശ സഹിതം സമർപ്പിക്കണം. അപേക്ഷ ഫോം സമീപത്തെ മൃഗാശുപത്രിയിൽ ലഭിക്കുമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.

പത്താംതരം തുല്യതാ സേ പരീക്ഷ
പരീക്ഷാഭവൻ നടത്തുന്ന പത്താംതരം തുല്യതാ സേ (സേവ് എ ഇയർ) പരീക്ഷ ഡിസംബർ ആറു മുതൽ 10 വരെ നടക്കും. അതത് സേ പരീക്ഷാ സെന്ററുകളിൽ നവംബർ 11 മുതൽ 17 വരെ ഫീസ് അടയ്ക്കാം. വിശദവിവരങ്ങൾ www.keralapareekshabhavan.in ൽ ലഭിക്കും.
പി.എൻ.എക്സ്. 4377/2021

സ്‌കോൾ-കേരള; പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
സ്‌കോൾ-കേരള മുഖേന, 2021-23 ബാച്ചിലേക്ക് ഹയർ സെക്കണ്ടറി ഓപ്പൺ റെഗുലർ, പ്രൈവറ്റ്, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
ഓപ്പൺ റെഗുലർ വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിൽ പ്രാക്ടിക്കൽ, പ്രാക്ടിക്കൽ ഇതര സബ്ജക്റ്റ് കോമ്പിനേഷനുകളിൽ അപേക്ഷിക്കാം. ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സ്വയം പഠനസഹായികളും, ലാബ് സാകര്യവും, പൊതു അവധി ദിവസങ്ങളിൽ കോൺടാക്ട് ക്ലാസ്സുകളും ലഭിക്കും. തെരഞ്ഞെടുത്ത സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളുകളായിരിക്കും പഠനക്രേന്ദ്രങ്ങളായി അനുവദിക്കുന്നത്. പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗത്തിൽ കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത തെരഞ്ഞെടുത്ത വിഷയ കോമ്പിനേഷനുകളിൽ അപേക്ഷിക്കാവുന്നതാണ്. സ്‌പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ, ഹയർ സെക്കൻഡറി കോഴ്സ് ഒരിക്കൽ വിജയിച്ച വിദ്യാർഥിക്ക് മുൻ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാതെ പുതിയൊരു സബ്ജക്റ്റ് കോമ്പിനേഷൻ (പാർട്ട് III) തെരഞ്ഞെടുത്ത് നിബന്ധനകൾക്ക് വിധേയമായി അപേക്ഷ സമർപ്പിക്കാം.
www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേനെ നവംബർ 11 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴ കൂടാതെ ഡിസംബർ 15 വരെയും, 60 രൂപ പിഴയോടെ ഡിസംബർ 22 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഫീസ് അടയ്ക്കാൻ ഓൺലൈൻ പേയ്‌മെന്റ് മോഡ് തെരഞ്ഞെടുത്ത് ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ്/ ക്രഡിറ്റ് കാർഡ് മുഖേനെ ഫീസടക്കാം. ഇപ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്ക് ഒറ്റ ഘട്ടമായി ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഓഫ് ലൈൻ പേയ്‌മെന്റ് മോഡ് (പോസ്റ്റ് ഓഫീസ് വഴിയുള്ള പേയ്‌മെന്റ്) തെരഞ്ഞെടുക്കുന്നവർ രജിസ്‌ട്രേഷൻ രണ്ട് ഘട്ടങ്ങളായാണ് പൂർത്തീകരിക്കേണ്ടത്. ഓഫ്‌ലൈൻ പേയ്‌മെന്റ് മോഡ് തെരഞ്ഞെടുക്കുന്നവർക്ക് സംസ്ഥാനത്തെ ഏത് പോസ്റ്റ് ഓഫീസിലും ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്. ഫീസ് വിവരങ്ങൾക്കും, രജിസ്‌ട്രേഷനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രോസ്‌പെക്ടസിനും സ്‌കോൾ-കേരളയുടെ വെബ്‌സൈറ്റ് സന്ദർശിക്കണം.
ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ ജില്ലാ ഓഫീസുകളിൽ നേരിട്ടും സംസ്ഥാന ഓഫീസിൽ നേരിട്ടും തപാൽമാർഗ്ഗവും എത്തിക്കാവുന്നതാണ്. സംസ്ഥാന ഓഫീസിലേക്ക് സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗ്ഗം അപേക്ഷ അയക്കേണ്ട വിലാസം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം-12.

32 തദ്ദേശ വാർഡുകളിൽ ഡിസംബർ 7 ന് ഉപതിരഞ്ഞെടുപ്പ്
സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ ഉൾപ്പടെ 32 തദ്ദേശഭരണ വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. വോട്ടെടുപ്പ് ഡിസംബർ 7 നും വോട്ടെണ്ണൽ 8 നും നടത്തും. ഉപതിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പുറപ്പെടുവിക്കും. അന്നുമുതൽ 19 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 20ന് നടക്കും. 22 വരെ പത്രിക പിൻവലിക്കാം. കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ – തദ്ദേശ സ്ഥാപനം, വാർഡ് നമ്പർ, പേര് ക്രമത്തിൽ.
തിരുവനന്തപുരം- തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ, 90. വെട്ടുകാട്; ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്, 07. ഇടയ്‌ക്കോട്; പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്, 07. പോത്തൻകോട്; വിതുര ഗ്രാമപഞ്ചായത്ത്, 03. പൊന്നാംചുണ്ട്
കൊല്ലം- ചിതറ ഗ്രാമപഞ്ചായത്ത്, 10. സത്യമംഗലം; തേവലക്കര ഗ്രാമപഞ്ചായത്ത്, 03. നടുവിലക്കര
ആലപ്പുഴ- ആലപ്പുഴ ജില്ലാ പഞ്ചായത്ത്, 01. അരൂർ
കോട്ടയം- കാണക്കാരി ഗ്രാമപഞ്ചായത്ത്, 09. കളരിപ്പടി; മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, 12. മാഞ്ഞൂർ സെൻട്രൽ
ഇടുക്കി- രാജക്കാട് ഗ്രാമപഞ്ചായത്ത്, 09. കുരിശുംപടി; ഇടമലക്കുടി ഗ്രാമപഞ്ചായത്ത്, 09. വടക്കേഇടലി പാറക്കുടി
എറണാകുളം- കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, 63. ഗാന്ധിനഗർ; പിറവം മുനിസിപ്പാലിറ്റി, 14. ഇടപ്പിള്ളിച്ചിറ
തൃശൂർ- മതിലകം ബ്ലോക്ക് പഞ്ചായത്ത്, 10. അഴീക്കോട്; ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, 18. ചാലാംപാടം; കടപ്പുറം ഗ്രാമപഞ്ചായത്ത്, 16. ലൈറ്റ് ഹൗസ്
പാലക്കാട്- പാലക്കാട് ജില്ലാ പഞ്ചായത്ത്, 01. ശ്രീകൃഷ്ണപുരം; കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത്, 04. ചുങ്കമന്ദം; തരൂർ ഗ്രാമപഞ്ചായത്ത്, 01. തോട്ടുവിള; എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്, 07. മൂങ്കിൽമട; എരുമയൂർ ഗ്രാമപഞ്ചായത്ത്, 01. അരിയക്കോട്; ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്, 08. കർക്കിടകച്ചാൽ
മലപ്പുറം- പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്, 14. ചീനിക്കൽ; കാലടി ഗ്രാമപഞ്ചായത്ത്, 06. ചാലപ്പുറം; തിരുവാലി ഗ്രാമപഞ്ചായത്ത്, 07. കണ്ടമംഗലം; ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്, 05. വേഴക്കോട്; മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്, 01. കാച്ചിനിക്കാട് പടിഞ്ഞാറ്
കോഴിക്കോട്- കോഴിക്കോട് ജില്ലാ പഞ്ചായത്ത്, 20. നൻമണ്ട; കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്, 07. കുമ്പാറ; ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത്, 15. വള്ളിയോത്ത്
കണ്ണൂർ- എരുവേശി ഗ്രാമപഞ്ചായത്ത്, 14. കൊക്കമുള്ള്
കാസർഗോഡ് – കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, 30. ഒഴിഞ്ഞവളപ്പ്

Leave a Reply

Your email address will not be published. Required fields are marked *