തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ജനപ്രീതിയുള്ള ജവാൻ മദ്യത്തിന്റെ ഉൽപാദനം നിലച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ തീരുമാനം. സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടോ എന്നും, ജവാൻ ഉൽപാദനം മുടങ്ങിയത് മറ്റ് മദ്യക്കമ്പനികൾക്ക് ഗുണകരമായോ എന്നും പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും, നികുതി സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ രണ്ടാഴ്ചയോളമാണ് ജവാൻ റമ്മിന്റെ ഉൽപാദനം തടസ്സപ്പെട്ടത്. പാക്കിങ് വസ്തുക്കളുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടിയായിരുന്നു ഉൽപാദനം നിർത്തിവെച്ചത്. പ്രതിദിനം ഏകദേശം പന്ത്രണ്ടായിരത്തോളം കുപ്പികളുടെ ഉൽപാദനമാണ് ഇതിലൂടെ മുടങ്ങിയത്. വിവരം ലഭിച്ചയുടൻ തന്നെ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായി മന്ത്രി അറിയിച്ചു.
750 മില്ലി കുപ്പികളുടെ ദൗർലഭ്യതയ്ക്ക് കാരണം ടെൻഡർ കാലാവധി അവസാനിച്ചതാണ്. എന്നാൽ, ഇപ്പോൾ ടെൻഡർ നടപടികൾ പുനരാരംഭിച്ചതിനാൽ വരും ദിവസങ്ങളിൽ തന്നെ കുപ്പികളുടെ ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 1000 മില്ലി ബോട്ടിലുകളുടെ ക്ഷാമം പരിഹരിച്ചിട്ടുണ്ട്. സ്റ്റിക്കറുകളും കാർട്ടണുകളും എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതോടെ ഇന്നലെ ഉൽപാദനം പുനരാരംഭിച്ചു.
