മുല്ലപ്പെരിയാർ സുരക്ഷാ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ വിവാദ നടപടിയിൽ തിരുത്തലുമായി കേന്ദ്ര സർക്കാർ. പ്രതിനിധിയെ ഒഴിവാക്കിയ നടപടിക്കെതിരെ കേരളം ശക്തമായ പ്രതിഷേധം അറിയിക്കുകയും ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഈ ആവശ്യം അംഗീകരിച്ച കേന്ദ്ര സർക്കാർ, സമിതിയിലേക്ക് കേരളത്തിന്റെ പ്രതിനിധിയെ നിർദ്ദേശിക്കാൻ ഇപ്പോൾ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി അടിയന്തരമായി ചർച്ച നടത്തി കേരളത്തിന്റെ പ്രതിനിധിയെ എത്രയും വേഗം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
