കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷന് തൂഫാന് ശക്തമായി തുടരുന്നതിനിടെ കോഴിക്കോട് നഗരത്തില്‍ ഡാന്‍സാഫ് സംഘത്തിന്റെയും കസബ പോലീസിന്റെയും സംയുക്ത പരിശോധനയില്‍ 5 ഗ്രാം എംഡിഎംഎയുമായി മാവൂര്‍ സ്വദേശി പിടിയിലായി.
മാവൂര്‍ താത്തൂര്‍ സ്വദേശിയായ അബ്ദുല്‍ സലാം ആണ് അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബലേനോ കാറില്‍ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.
ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസബ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അര്‍ധരാത്രിയോടെ പുതിയറ ജംഗ്ഷനില്‍ വെച്ച് പ്രതിയെ പിടികൂടിയത്.
മാവൂരില്‍ പ്രവര്‍ത്തിക്കുന്ന ഇയാളുടെ ‘ജാസ്’ ബാര്‍ബര്‍ ഷോപ്പ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം പ്രതിയെ കുറച്ചുനാളായി നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് പരിശോധന ശക്തമാക്കി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം നഗരത്തില്‍ ഡാന്‍സാഫും സിറ്റി പോലീസും സംയുക്തമായി രാപ്പകല്‍ വ്യത്യാസമില്ലാതെ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ലഹരിമരുന്ന് കടത്തും വില്‍പ്പനയും തടയുന്നതിനുള്ള നടപടികള്‍ വരുംദിവസങ്ങളിലും കൂടുതല്‍ ശക്തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
