ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് കോച്ചിന് മൂന്നാമത്തെ കേസില്‍ നാല്‍പ്പത്തിയേഴ് വര്‍ഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെ ആണ് കോടതി ശിക്ഷിച്ചത്. നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തി.
ആദ്യ രണ്ടു കേസിലെയും ശിക്ഷ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തില്‍ പറയുന്നു. ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍. 427 പ്രകാരം പ്രതിയുടെ ഓരോ കേസുകളിലെ ശിക്ഷ കാലാവധി കഴിഞ്ഞതിനു ശേഷം ഈ ശിക്ഷകള്‍ നടപ്പിലാക്കണം എന്ന് പ്രോസീക്യൂഷന്‍ വാദിച്ചു. അത് പരിഗണിച്ചാണ് കോടതി പ്രേത്യേകം ശിക്ഷ കാലാവധി വിധിച്ചത്.
തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്ററില്‍ 2018 ല്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുബോഴാന് കോച്ചിങ്ങിനായി കുട്ടി എത്തുന്നത്. ആദ്യ കുറച്ച് നാളുകള്‍ക്ക് ശേഷം കുട്ടിയെ പരിശീലനത്തിന് എന്ന് പറഞ്ഞ് അവിടത്തെ നെറ്റ്സിലും, ജിമ്മിലേക്കും, അവിടുത്തെ വിവിധ ബാത്ത്‌റൂമിലേക്കും മറ്റും കൊണ്ട് പോയാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. ഇത് കൂടാതെ കുട്ടിയുടെ നഗ്‌ന ഫോട്ടോയും വിഡിയോയും പ്രതി എടുത്തു. ഇതുകൂടാതെ കുട്ടിയുടെ വീട്ടിലുള്ള നെറ്റ്സില്‍ വച്ചും ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ട്. സ്വകാര്യ കോച്ചിംഗ് എന്ന് പറഞ്ഞാണ് കുട്ടിയെ ഗ്രൗണ്ടില്‍ നിന്നും ആ കെട്ടിടത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയ് ആരും ഇല്ലാത്ത സമയം നോക്കി പ്രതി പീഡനം നടത്തിയിരുന്നത്. ഇതിനാല്‍ 2021 ഇല്‍ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി.പീഡനം പുറത്ത് പറഞ്ഞാല്‍ ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതിനാല്‍ കുട്ടി ഭയന്ന് വെളിയില്‍ പറഞ്ഞില്ല.പീഡനത്തില്‍ മനംനൊന്ത് വേറെ സ്ഥലത്തേയ്ക്ക് കോച്ചിങ്ങിന് പോയി. 2024 മാര്‍ച്ച് ഇരുപത്തിയെട്ടിന് തിരുവനന്തപുരത്ത് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കടുക്കാന്‍ എത്തിയ അതിജീവിത വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം ഉണ്ടാവുകയും ഭയന്ന് ബഹളം വയ്ക്കുകയും ചെയ്തു.
ഇത് കണ്ട കൂടെയുള്ളവര്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. ഈ കുട്ടിയുടെ പരാതിയെ പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികള്‍ക്കും കേസ് നല്‍കാനുള്ള ധൈര്യം ലഭിച്ചത്. തുടര്‍ന്ന് പ്രതിക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാല് കേസുകളുടെ വിചാരണ പൂര്‍ത്തിയായി. ഇതില്‍ മൂന്നുകേസുകളില്‍ ശിക്ഷ വിധിച്ചു കുറ്റക്കാരന്‍ ആയി കണ്ടെത്തിയ നാലാമത്തെ കേസില്‍ തിങ്കളാഴ്ച വിധി പറയും.
പ്രോസീക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ .ആര്‍.എസ് വിജയ് മോഹന്‍,അഭിഭാഷകരായ സുരഭി. പി ,രവിശങ്കര്‍ തമ്പി. എച്ച് എന്നിവര്‍ ഹാജരായി. കണ്ടോണ്‍മെന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍. എസ്, പ്രജീഷ് ശശി, സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു സജീവ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.
